
കൊച്ചി: നാവികസേനയുടെയും കോസ്റ്റ്ഗാർഡിൻ്റെയും കരുത്തും വൈവിധ്യവും കണ്ടറിഞ്ഞ് എൻ.സി.സി കേഡറ്റുകൾ. ദേശീയോദ്ഗ്രഥനത്തിൻ്റെ ഭാഗമായി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലുള്ള എറണാകുളം കേന്ദ്രമായുള്ള എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ നേതൃത്വത്തിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 കേഡറ്റുകൾ പങ്കെടുത്ത പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.
കൊച്ചിയിലും കവരത്തിയിലുമായി ഡിസംബർ 23 മുതൽ ജനുവരി 3 വരെയായിരുന്നു ക്യാമ്പ്. കൊച്ചിയിൽ ദക്ഷിണ നാവിക സേന കേഡറ്റുകൾക്ക് ആതിഥ്യമരുളി. നേവൽ ബെയ്സിൽ നങ്കൂരമിട്ട നാവിക സേനയുടെ കപ്പലുകൾ സന്ദർശിക്കുകയും പ്രവർത്തനം മനസ്സിലാക്കുകയും ചെയ്തു. മാരിടൈം മ്യൂസിയവും ധ്രുവ് സ്റ്റിമുലേറ്ററും സന്ദർശിച്ചു. ഫോർട്ട് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനം സന്ദർശിച്ച കേഡറ്റുകൾ തീരസംരക്ഷണ സേനയുടെ കപ്പലുകളുടെ പ്രവർത്തനവും തീരസംരക്ഷണത്തിൽ അവയുടെ പ്രാധാന്യവും മനസ്സിലാക്കി. കവരത്തിയിലെ ക്യാമ്പിൽ ജല കേളികൾ, സാഹസിക സ്പോർട്സ്, ഗ്ലാസ് ബോട്ട് റൈഡ്സ് എന്നിവ സംഘടിപ്പിച്ചു. സമുദ്രജീവിതം മനസ്സിലാക്കാനും തീരജൈവ വൈവിധ്യം അടുത്തറിയാനുമുള്ള അവസരമായിരുന്നു ഇത്. ലക്ഷദ്വീപിൻ്റെ തന്ത്രപരമായ പ്രാധാന്യം മനസിലാക്കാൻ ക്യാമ്പ് അവസരമൊരുക്കി. ഫിഷറീസ് മ്യൂസിയം, വിളക്ക് മാടം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി എന്നിവിടങ്ങളും സന്ദർശിച്ചു.








