
മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഗ്രാമപഞ്ചായത്ത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളിലാണ് സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തിയത്. 2026 ജനുവരി 26 മുതലാണ് ഈ വിലക്ക് പ്രാബല്യത്തിൽ വരിക. ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്‌നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് സ്ത്രീകൾക്ക് മൊബൈൽ വിലക്കേർപ്പെടുത്തിയത്.
അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും യുവതികൾക്ക് വിലക്കുണ്ട്. സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
ഈ തീരുമാനത്തിൽ വിമർശനത്തിൻറെ ആവശ്യമില്ലെന്നാണ് സുജ്‌നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു. നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി. അതേസമയം, സ്മാർട്ട് ഫോണുകൾക്ക് മാത്രമാണ് വിലക്കെന്നും സാധാരണ ഫോൺ ഉപയോഗിക്കുന്നതിന് പ്രശ്നമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.











