
ബംഗളുരു: കർണാടകത്തിലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ നന്നായി പ്രവർത്തിക്കുന്ന, നല്ല പ്രതിഛായയുള്ള മന്ത്രിമാരിൽ ഒരാളാണ് ദിനേഷ് ഗുണ്ടുറാവു. ആരോഗ്യ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. കൃത്യവും സത്യസന്ധവുമായ നിലപാടുകളും ലളിതജീവിതവും കൊണ്ടാണ് മുൻമുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകനായ ദിനേഷ് ഗുണ്ടുറാവു രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായത്.പിസിസി അധ്യക്ഷനായപ്പോൾ(2018-2020) മലയാളിയായ സത്യൻ പുത്തൂർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി. ബംഗളുരു നഗരപരിധിയിലുള്ള നിയമസഭാമണ്ഡലങ്ങൾ മിക്കതും ബിജെപി കൈക്കലാക്കിയപ്പോൾ 2023ലെ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്ന് ദിനേഷ് ഗുണ്ടുറാവു കഷ്ടിച്ച് രക്ഷപ്പെട്ടത് കേവലം 105 വോട്ടുകൾക്കാണ്. സിദ്ധരാമയ്യ അദ്ദേഹത്തിന് ആരോഗ്യവകുപ്പ് നൽകുകയും ചെയ്തു. മന്ത്രിസഭ നിലവിൽ വന്നിട്ട് മൂന്നുവർഷമായി. സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഒരുപോലെ അംഗീകരിക്കുന്ന ദിനേഷ് ഗുണ്ടുറാവു ഒരു നേതൃമാറ്റത്തോട് പ്രത്യക്ഷത്തിൽ യോജിക്കുന്നില്ല, അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാ ണ്ട് ആണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മന്ത്രിസഭാ പുനഃ സംഘടന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മുതിർന്ന പലനേതാക്കൾക്കും മന്ത്രിമാരാകാൻ കഴിഞ്ഞിട്ടില്ല. "ആദ്യന്തികമായി മന്ത്രിസഭാ പുനഃസംഘടനയെ പറ്റി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും ഹൈക്കമാണ്ടുമാണ്. മന്ത്രിസ്ഥാനത്തിന് അർഹതയുള്ളവർ പലരുണ്ട്. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം പോയാൽ ആരും നിരാശരാകരുത്. ഇതുവരെ മന്ത്രിസ്ഥാനം ലഭിക്കാത്തവർക്ക് വഴിയൊരുക്കുകയാണ് അവർ ചെയ്യേണ്ടത്. എന്നിട്ട് പാർട്ടി ശക്തിപ്പെടുത്താൻ പരിശ്രമിക്കണം" ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. പുനഃ സംഘടനയുണ്ടായാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയില്ല. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും ഹൈക്കമാണ്ടിനും ദിനേഷ് ഗുണ്ടുറാവുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ബ്രാഹ്മണനായ അദ്ദേഹത്തിന് സാമുദായിക പരിരക്ഷയുണ്ട്. 225 ഡോക്ടർമാരെയും 1300 മറ്റു സ്റ്റാഫുകളെയും ആരോഗ്യവകുപ്പിൽ പുതുതായി നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 108 ആംബുലൻസ് ആധുനിക സൗകര്യങ്ങളോടെ ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദിനേഷ് ഗുണ്ടുറാവു കൂട്ടിച്ചേർത്തു.
Photo Courtesy - Google











