11:53am 26 November 2026
NEWS
റാഗിംഗിന് കടുത്ത ശിക്ഷ; ‘സിദ്ധാർത്ഥൻ’ കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം


26/11/2026  08:52 AM IST
ന്യൂസ് ബ്യൂറോ
റാഗിംഗിന് കടുത്ത ശിക്ഷ; ‘സിദ്ധാർത്ഥൻ’ കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: റാഗിംഗ് തടയുന്നതിനും വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി തയ്യാറാക്കിയ ‘സിദ്ധാർത്ഥൻ റാഗിംഗ് നിരോധനവും വിദ്യാർത്ഥി ക്ഷേമവും’ കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് അധ്യക്ഷനായ ജില്ലാതല സമിതിയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്.ഐയുടെ നേതൃത്വത്തിൽ ആന്റി റാഗിംഗ് സെല്ലും രൂപീകരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ 1998ലെ റാഗിംഗ് നിരോധന നിയമത്തിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഈ മാസം 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകനച്ചുമതല ആഭ്യന്തര സെക്രട്ടറിക്കായിരിക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാക്കാലോ രേഖാമൂലമോ ലഭിക്കുന്ന റാഗിംഗ് പരാതികൾ 24 മണിക്കൂറിനകം പൊലീസിന് കൈമാറണം. ഉടൻ സസ്‌പെൻഷൻ ഉൾപ്പെടെയോ പുറത്താക്കലോ പോലുള്ള നടപടികളും സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള റാഗിംഗും നിയമത്തിന്റെ പരിധിയിൽ വരും. കരടിലുണ്ടായിരുന്ന ജുഡീഷ്യൽ കമ്മിഷൻ സംബന്ധിച്ച ശുപാർശ ഒഴിവാക്കിയിട്ടുണ്ട്.
ഹോസ്റ്റൽ മുറികൾ വിദ്യാർത്ഥി സംഘടനകളോ അസോസിയേഷനുകളോ കൈവശപ്പെടുത്തുന്നത് വിലക്കും. ക്യാമറകൾ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. റാഗിംഗിന് ഇരയായവരുടെ പേര്, വിലാസം, ചിത്രം, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ തിരിച്ചറിയൽ വിവരങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തരുത്.
റാഗിംഗിൽ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കരടുബില്ലിൽ നിർദേശിക്കുന്നത്. വിദ്യാർത്ഥികളല്ലാത്തവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ മൂന്നു വർഷം തടവോ അഞ്ചു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
മാനേജ്‌മെന്റ് അംഗങ്ങൾക്കും അധ്യാപക–അനധ്യാപക ജീവനക്കാർക്കും റാഗിംഗിൽ പങ്കുണ്ടെങ്കിൽ രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത സ്ഥാപനമേധാവിക്കും ഇതേ ശിക്ഷയാണ് നിർദേശിച്ചിരിക്കുന്നത്. വ്യാജപരാതി നൽകുന്നവർക്ക് ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
റാഗിംഗിനെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഉൾപ്പെടെ നിയമപരിരക്ഷ നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇവർക്കെതിരായ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾക്കും കോടതി നടപടികൾക്കും സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിർദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img