
സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പുരസ്കാരം കവി വി.മധുസൂദനൻ നായർക്ക് പരിഷത്ത് പ്രസിഡൻ്റ് സി.രാധാകൃഷ്ണൻ സമ്മാനിക്കുന്നു. ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, പ്രൊഫ.പി. വേണുഗാപാലൻ, പ്രൊഫ.എം.തോമസ് മാത്യു, ഡോ.ടി.എസ്.ജോയി തുടങ്ങിയവർ സമീപം.
കൊച്ചി: സ്വാതന്ത്ര്യാനന്തര ഭാരത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന മാതൃഭാഷ മലയാളമാണെന്ന് പ്രശസ്ത നോവലിസ്റ്റും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡൻ്റുമായ സി.രാധാകൃഷ്ണൻ. കേരളപ്പിറവി ദിനത്തിൽ പരിഷത്ത് സംഘടിപ്പിച്ച മലയാള ഭാഷാസമ്മേളനത്തിലും കവി വി.മധുസൂദനൻ നായർക്കുള്ള പുരസ്കാര സമർപ്പണത്തിലും അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം പഠിക്കാതെ പത്താം ക്ലാസ് ജയിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെയൊരു അവസ്ഥമില്ല. മാതൃഭാഷയുടെ കാര്യത്തിൽ എവിടെയൊക്കയോ ഒരു ജാഗ്രതക്കുറവ് മലയാളിക്ക് ഉണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ മാതൃഭാഷയ്ക്ക് നൽകുന്ന പ്രാധാന്യം എന്തുകൊണ്ട് നമുക്ക് നൽകാൻ സാധിക്കുന്നില്ലെന്നത് ചിന്താവിഷയമാണ്.
ശാസ്ത്ര ഭാഷ ഉൾപ്പെടെ മലയാളത്തിൽ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ ആലോചിക്കണമെന്ന് സി.രാധാകൃഷ്ണൻ പറഞ്ഞു. ഐക്യകേരളം രൂപപ്പെടും മുമ്പേ കേരളമെന്ന ഏക ആശയം ഉൾക്കൊണ്ട് പ്രവർത്തിച്ചവരാണ് നമ്മുടെ കവികൾ. എഴുത്തച്ഛൻ 51 ലിപി ഭാഷ തയ്യാറാക്കിയത് ഒരു പ്രദേശത്തെ മാത്രം കണ്ടു കൊണ്ടല്ല. കവിത എഴുതിയവരെല്ലാം കേരളത്തെ ഒന്നായി കണ്ടു.
ദേശ വ്യത്യാസമില്ലാതെ മലയാള ഭാഷ വിപുലീകരിക്കുന്നതിൽ സാഹിത്യകാരൻമാരും മാധ്യമ പ്രവർത്തകരും സിനിമാ തിരക്കഥാകൃത്തുക്കളുമൊക്കെ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സി.രാധാകൃഷ്ണൻ പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തിൻ്റെ ഭാഷയെ കേരളത്തിൻ്റെ മുഴുവൻ ഭാഷയായി മാറ്റാൻ സാധിച്ച എഴുത്തുകാരുണ്ട്. ബോധപൂർവമല്ലെങ്കിലും ചില തിരക്കഥാകൃത്തുക്കൾ ഉപയോഗിച്ച ഒരു പ്രദേശത്തിൻ്റെ ഭാഷ മലയാളികൾക്കെല്ലാം ആസ്വദിക്കാൻ സാധിച്ചു -സി.രാധാകൃഷ്ണൻ പറഞ്ഞു.
രചനാകർമ്മവും കലാകർമ്മവും അപാരമായ ആത്മബലം ആവശ്യപ്പെടുന്നവയാണെന്ന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിൽ കവി വി. മധുസൂദനൻ നായർ പറഞ്ഞു. കർമ്മസാഫല്യത്തെക്കുറിച്ച് ബോധം വരുമ്പോഴാണ് ആത്മബലം കിട്ടുന്നത്. ആരെങ്കിലും ആവശ്യപ്പെടുമ്പോൾ കവിത എഴുതിക്കൊടുക്കാൻ തനിക്കാവില്ല. ഊറി വന്നാൽ എഴുതുക എന്നതാണ് രീതി. ഒഴുകുന്നതിനൊപ്പം ഒഴുകുക എന്നതാണ് എൻ്റെ കർമ്മം. കൈവരേണ്ടതാണെങ്കിൽ കൈവരും എന്ന് വിശ്വസിക്കുന്നു.
ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള ഭാഷകളിൽപ്പെട്ടതാണ് മലയാളം .ചിലപ്പതികാരത്തിനും മുമ്പേ മലയാളത്തിന് താളവും രാഗവും നാവും ദൃശ്യവുമുണ്ടായിരുന്നു. ഒരു ജനതയുടെ ഇച്ഛാശക്തി കൊണ്ടാണ് ഭാഷ നിലനിൽക്കുന്നത്. മലയാളം ഒട്ടുമേ മോശമായ ഭാഷയല്ല. 54 വർണങ്ങൾ വ്യക്തമായി ഉച്ചരിക്കാനും 51 ലിപികൾ എഴുതാനും സാധിക്കുന്ന ഭാഷയാണ് മലയാളം. അടുത്ത തലമുറയിലെ കുട്ടികൾക്ക് നാട്ടോർമ്മകളും വീട്ടോർമ്മകളും അമ്മയോർമ്മകളും കാണുമോ എന്ന് സംശയമാണ്. ഭീകരമായ ഒരു ശൂന്യതയാണ് കാണുന്നത്. മലയാള ഭാഷയുടെ ശക്തി മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മധുസൂദനൻ നായർ പറഞ്ഞു.
ഡോ.പി.വേണുഗോപാലൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. വളരെക്കുറച്ച് എഴുതുകയും, എഴുതുന്നത് ഈടുറ്റ സംഭാവനകളാണെന്ന് നിർബന്ധം പുലർത്തുകയും ചെയ്യുന്ന കവിയാണ് മധുസൂദനൻ എന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ നെഞ്ചിലേറ്റുകയും ഏറ്റുവാങ്ങുകയും ചെയ്യുന്ന കവിതകളാണ് മധുസൂദനൻ നായരുടേത്.
പുരസ്കാര സമർപ്പണം സി.രാധാകൃഷ്ണൻ നിർവഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, വൈസ് പ്രസിഡൻ്റ് ഡോ.ടി.എസ്.ജോയി, പ്രെഫ. എം.'തോമസ് മാത്യു, കെ.വി.മോഹൻകുമാർ, ഡോ.അജിതൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കവിതാലാപനം , കൈ കൊട്ടിക്കളി എന്നിവയും ഉണ്ടായിരുന്നു.
Photo Courtesy - Google







