
തിരുവനന്തപുരം: രാഷ്ട്രീയക്കളരിയിലെ 'ക്യാപ്റ്റൻ' പിണറായി വിജയന്റെ കർക്കശ സ്വഭാവം പ്രശസ്തമാണ്. എന്നാൽ ആ കർക്കശ്യം രാഷ്ട്രീയ നിലപാടുകളിൽ മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. വർഷങ്ങൾക്ക് മുൻപ് ഒരു ജാഥയ്ക്കിടെ നടന്ന രസകരമായ ഒരു 'മീൻകറി' സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ചിറയിൻകീഴിലെ ആ ഉച്ചഭക്ഷണം
തിരുവനന്തപുരത്ത് സി.പി.എം ജാഥ നടക്കുന്ന സമയം. ഉച്ചഭക്ഷണത്തിനായി ജാഥാ ക്യാപ്റ്റൻ പിണറായി വിജയനും ദിവാകരനും എത്തിയത് ചിറയിൻകീഴ് ആനത്തലവട്ടംആനന്ദന്റെ വീട്ടിലായിരുന്നു. അന്ന് ആനന്ദൻ പാർട്ടിയിലെ വി.എസ്. അച്യുതാനന്ദൻ പക്ഷത്തെ പ്രമുഖനായിരുന്നു. അവിടെ പിണറായിക്ക് മുന്നിൽ മീൻകറി വിളമ്പി.
ഒരു കഷ്ണമെടുത്തു നോക്കിയ പിണറായി ഉടനെ ചോദിച്ചു: "ഇത് എന്ത് മീനാണ്?"
"ചൂരയാണെന്ന്" മറുപടി വന്നതും പിണറായിക്ക് ദേഷ്യം വന്നു. തനിക്ക് ഇഷ്ടമില്ലാത്ത മീൻ വിളമ്പിയതിലുള്ള നീരസം കാരണം അദ്ദേഹം ആഹാരം കഴിക്കാതെ ഉടൻതന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി.
പരിഹാരമായത് 'നെമ്മീൻ ചൂര'!
പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയത് സംഘാടകരെ വലിയ ആശങ്കയിലാഴ്ത്തി. പാർട്ടി നടപടി വരുമോ എന്ന് ഭയന്ന ജില്ലാ സെക്രട്ടറിയെ സി. ദിവാകരനാണ് അന്ന് ആശ്വസിപ്പിച്ചത്. "നാളെ പാറശാലയിൽ നമുക്കിത് പരിഹരിക്കാം" എന്നായിരുന്നു ദിവാകരന്റെ ഉറപ്പ്.
പിറ്റേന്ന് വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ ദിവാകരൻ ഇടപെട്ട് ചന്തയിൽ നിന്ന് നല്ല ഒന്നാംതരം 'നെമ്മീൻ ചൂര' വാങ്ങിപ്പിച്ചു. പാറശാലയിൽ വച്ച് ആ മീൻ നല്ലതുപോലെ കറിവെച്ചും പൊരിച്ചും ഉച്ചയ്ക്ക് പിണറായിക്ക് മുന്നിലെത്തിച്ചു. തലേദിവസത്തെ പിണറായിയുടെ കലിപ്പ് അതോടെ തീർന്നു; അദ്ദേഹം ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.
ശിവൻകുട്ടിയുടെ വിയോജിപ്പും ദിവാകരന്റെ മറുപടിയും
ഈ വെളിപ്പെടുത്തൽ വാർത്തയായതോടെ മന്ത്രി വി. ശിവൻകുട്ടി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഒരാളുടെ ഭക്ഷണരീതികളെ പരസ്യമായി വിചാരണ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ. എന്നാൽ താൻ ഇത് ആരെയും അധിക്ഷേപിക്കാൻ പറഞ്ഞതല്ലെന്നും, പിണറായി വിജയൻ എന്ന നേതാവിന്റെ 'നേരെ വാ നേരെ പോ' എന്ന ഉറച്ച സ്വഭാവം വ്യക്തമാക്കാൻ ഒരു കൗതുകത്തിന് പറഞ്ഞതാണെന്നും സി. ദിവാകരൻ വിശദീകരിച്ചു.
"പിണറായിക്ക് ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല. അത് രാഷ്ട്രീയമായാലും ഭക്ഷണമായാലും അങ്ങനെ തന്നെ. ആ കർക്കശ സ്വഭാവം പറയുന്നതിനിടയിൽ വന്ന ഒരു ചെറിയ കഥയാണിത്" - ദിവാകരൻ പറഞ്ഞു.
ഏതായാലും രാഷ്ട്രീയ കേരളം ഇപ്പോൾ ഈ 'നെമ്മീൻ ചൂര'ക്കഥ ആസ്വദിച്ചു ചിരിക്കുകയാണ്.











