
കൊച്ചി: രാജ്യത്തെ ജനത്തെ ചേർത്ത് നിർത്തുന്ന കണ്ണി ഭാഷപരമായി ഇംഗ്ലീഷ് ആണെന്നും അതില്ലാതായാൽ ഇന്ത്യക്കാർ പരസ്പരം ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ. കുട്ടികൾ പിന്നെ എന്ത് പഠിച്ചിട്ടും കാര്യമില്ല. ഒരു തൊഴിൽ അന്വേഷിച്ചു പുറത്ത് പോകാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.പിഎൻ പണിക്കർ അനുസ്മരണത്തോടനുബന്ധിച്ചു ജി. ഓഡിറ്റോറിയത്തിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വായന മഹോത്സവത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാള ഭാഷ ഇന്ന് കടുത്ത വെല്ലുവിളി നേരിടുകയാണ്. കേരള നിയമ സഭ 12 വർഷം മുമ്പ് പാസാക്കിയ മലയാള ഭാഷ ബില്ലിന് ഇത് വരെ അനുമതി ലഭിച്ചില്ല.മറ്റ് സംസ്ഥാനങ്ങളിൽ ഭാഷ ബിൽ നടപ്പായിട്ടുണ്ട്. കൺകറണ്ട് ലിസ്റ്റിലുള്ള വിഷയമാതിനാൽ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാളഭാഷ പഠിച്ചത് കൊണ്ടാണ് നമുക്ക് ലോക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞതെന്നു മറക്കരുത്.മുൻ വർഷത്തെ അപേക്ഷിച്ചു ഇക്കൊല്ലം 27 കോടിയുടെ അധിക പുസ്തക വില്പന നടന്നിട്ടുണ്ട്, മൊത്തം 150 കോടി.ലോകത്ത് ഏറ്റവും കൂടുതൽ വായനക്കാരുള്ള നാടാണ് നമ്മുടേത്. എന്നിട്ടും അറിവിന്റെ ഭാഷ നമുക്ക് അന്യമാവുകയാണ്. ഇതാണ് മലയാളം നേരിടുന്ന വെല്ലുവിളി.സമ്മേളനം എംകെ സാനു മാഷ് ഉദ്ഘാടനം ചെയ്തു.
വായന സംസ്കാരവും ശിക്ഷണവുമാണെന്ന് അദ്ദേഹം പറഞ്ഞു.മനുഷ്യന്റെ ജീവൽപ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലാൻ എഴുത്തുകാരെ പ്രാപ്തമാക്കുന്നത് വായനയാണ്.ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ വായന സന്ദേശം നൽകി.ടി. എസ് ജോയ് പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീമൂലനഗരം വിജയൻ, എം.കെ ശശീന്ദ്രൻ, ഖദീജ സൈതുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.നെടുമുടി ഹരികുമാർ സ്വാഗതവും അജിതൻ മേനോത്ത് നന്ദിയും പറഞ്ഞു.
Photo Courtesy - Google








