04:11pm 22 September 2026
NEWS
പണിമുടക്കിനെ അനുകൂലിച്ച് നിർമ്മിച്ച ഹ്രസ്വചിത്രത്തിൽ അധ്യാപകനായത്‌ സി.പി.എം ബ്രാഞ്ച് സെക്രട്ടറി

23/01/2025  10:28 AM IST
nila
പണിമുടക്കിനെ അനുകൂലിച്ച് നിർമ്മിച്ച ഹ്രസ്വചിത്രത്തിൽ അധ്യാപകനായത്‌ സി.പി.എം  ബ്രാഞ്ച് സെക്രട്ടറി

സംസ്ഥാനത്തെ ഒരു വിഭാ​ഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ അനുകൂലിച്ച് ജോയിന്റ് കൗൺസിൽ നേതാവ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ സിപിഎം പ്രാ​ദേശിക നേതാവ് അഭിനയിച്ചത് വിവാദമാകുന്നു. പെരിയ ലോക്കലിലെ വടക്കേക്കര ബ്രാഞ്ച് സെക്രട്ടറിയും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തംഗവുമായ അശോകനാണ് സർക്കാരിനെയും എൻ.ജി.ഒ. യൂണിയനെയും പ്രതിക്കൂട്ടിലാക്കിയുള്ള ഹ്രസ്വചിത്രത്തിൽ അഭിനിയിച്ചത്. ’ഓന്തുകളുടെ നാട്ടിൽ’ എന്ന പേരിൽ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിൽ അധ്യാപകന്റെ റോളിലാണ് അശോകൻ എത്തിയത്. 

എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ഏഴര മിനിട്ട്‌ ദൈർഘ്യമുള്ള ചിത്രം തയ്യാറാക്കിയത്. ’പണിമുടക്കുന്നത് നിലവിലുള്ളത് നിലനിർത്താനാണ് പുതുതായി ഒന്നും നേടാനല്ല’ എന്ന ആമുഖത്തോടെയാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്ത് വാർഡംഗങ്ങളുമായ എ.കാർത്യായനി, പി.രജനി എന്നിവർ അശോകന്റെ സഹാധ്യാപകരായും അഭിനയിക്കുന്നു. സർക്കാർ ജീവനക്കാരും നാട്ടുകാരും വിദ്യാർഥികളും ഇതിൽ അഭിനിയിക്കുന്നുണ്ട്. 

‘പ്രമോദ് മൊബൈൽ ഫോണിൽ ഒരു വീഡിയോ ചിത്രീകരിക്കുന്നുവെന്ന് പറയുകയും അതിനോട് സഹകരിക്കുകയും ചെയ്തെന്നേയുള്ളൂ. അതിന്റെ മറ്റു കാര്യങ്ങളൊന്നും അറിഞ്ഞില്ല’ -അശോകൻ പ്രതികരിച്ചു. പങ്കാളിത്ത പെൻഷനെതിരെയുള്ള നിലപാടിൽനിന്ന് ചിലർക്കുണ്ടായ മാറ്റമാണ് ‘ഓന്തുകളുടെ നാട്ടിൽ’ എന്നപേരിൽ ഹ്രസ്വചിത്രം നിർമിക്കാൻ പ്രേരണയായതെന്ന് പ്രമോദ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img