
രാഹുൽ മാങ്കൂട്ടത്തിൽ “ലൈംഗിക വൈകൃതക്കാരൻ” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്ന വിവരങ്ങൾ “ബീഭത്സവും ഞെട്ടിപ്പിക്കുന്നതുമാണെന്ന്” അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായി നടന്ന സംവാദത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം ഉയർത്തിയത്.
രാഹുലിനെതിരായ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെ പോലുള്ളവരെ പൊതു പ്രവർത്തനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്നും, ആരോപണങ്ങൾ ഉയർന്നുഴിഞ്ഞാൽ തന്നെ പാർട്ടികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് എടുത്ത നടപടികൾ മാതൃകാപരമെന്ന് പറയാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പാർട്ടിക്കുള്ളിൽ മുൻകാലങ്ങളിൽ സമാന ആരോപണങ്ങളിൽ പെട്ട എംഎൽഎമാരെ പുറത്താക്കിയിട്ടില്ലാത്തതിനാൽ, ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ഒടുവിൽ വന്ന യുവതിയുടെ പരാതിയിൽ പറയുന്നത് ഒരാൾ എത്തിച്ചുകൊടുത്തുവെന്നാണ്. എന്താണ് അതിന് സാധാരണ മലയാളത്തിൽ പറയുക, ഏതായാലും ഞാനത് ഇപ്പോൾ പറയുന്നില്ല. അങ്ങനെ ഒരു അധഃപതനം എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിയിയിൽപെട്ടയാൾക്ക് സംഭവിക്കുന്നത്. അതാണോ രാഷ്ട്രീയ പ്രവർത്തനം. ഒരാളെ എത്തിച്ചുകൊടുക്കലാണോ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി ഒരാൾ ഓഫീസും പൂട്ടി സ്ഥലം വിട്ടുവെന്ന് പറഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പി.എം. ശ്രീ സ്‌കൂൾ പദ്ധതിയുമായി ബന്ധപ്പെട്ടതായി ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എംപിമാർ ഇടപെടുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി സംയുക്തമായി പ്രവർത്തിക്കുന്നത് ശരിയായ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടാസ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എംപിയാണെന്നും മുൻകാലത്ത് കോൺഗ്രസ് എംപിമാർ സ്വീകരിച്ചിരുന്ന വിവേചനപൂർണമായ നിലപാട് മാറിയതിൽ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.











