05:34pm 07 November 2026
NEWS
സതീശനെ പുകഴ്ത്തലും പിണറായിക്കെതിരായ വിമർശനവും; സിപിഐ നേതാവ് സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്
18/09/2026  06:11 AM IST
nila
 സതീശനെ പുകഴ്ത്തലും പിണറായിക്കെതിരായ വിമർശനവും; സിപിഐ നേതാവ് സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി പുകഴ്ത്തുകയും സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്ത മുതിർന്ന സിപിഐ നേതാവ് സി. ദിവാകരനോട് പാർട്ടി വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ദിവാകരന്റെ പരാമർശങ്ങൾ പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിവാകരൻ നൽകുന്ന മറുപടി പരിശോധിച്ച ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി വേണമോയെന്ന് സിപിഐ തീരുമാനിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്നായിരുന്നു ദിവാകരന്റെ പ്രധാന വിമർശനം. അങ്ങനെ സ്വയം മാറിനിന്നിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദനെപ്പോലെ പിണറായി വിജയനെയും കേരളത്തിലെ ജനങ്ങൾ തിരികെ വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കത്തിലും സിപിഎമ്മിനെതിരെ ദിവാകരൻ രംഗത്തെത്തിയിരുന്നു. യഥാർഥത്തിൽ അധികാരമൊന്നുമില്ലാത്ത, കേവലം രാഷ്ട്രീയ അംഗീകാരം മാത്രമുള്ള ഉപനേതൃപദവി സിപിഐക്ക് ലഭിക്കുന്നതിനെ അംഗീകരിക്കാൻ സിപിഎമ്മിന് കഴിയാത്തതാണ് പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെ ദിവാകരൻ പരസ്യമായി പ്രശംസിച്ചതും പാർട്ടിക്കുള്ളിൽ ശ്രദ്ധേയമായിരുന്നു. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയുള്ള 100 ദിവസത്തിനുള്ളിൽ തന്നെ ഇക്കാര്യം സതീശൻ തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞിരുന്നു.

സിപിഐയിലെ മുതിർന്ന നേതാവിന്റെ തുടർച്ചയായ പരസ്യ പ്രതികരണങ്ങൾക്കിടെയാണ് ഇപ്പോൾ ജില്ലാ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദിവാകരന്റെ വിശദീകരണത്തിന് ശേഷമായിരിക്കും വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img