12:00am 11 June 2026
NEWS
ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കി; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ബിസിനസ് തകരാൻ കാരണമായെന്ന് ആരോപണം
10/06/2026  01:06 PM IST
NILA
ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കി; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ബിസിനസ് തകരാൻ കാരണമായെന്ന് ആരോപണം

മാണ്ഡ്യ: കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ജീവിതം തകർത്തതോടെ കർണാടകയിലെ മാണ്ഡ്യയിൽ വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ തന്റെ വ്യാപാരത്തെ തകർത്തുവെന്നാണ് ഇയാൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. മാണ്ഡ്യയിൽ തുണിക്കട നടത്തിയിരുന്ന പ്രഭാകർ (65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് സംഭവത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചൊവ്വാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്. ഭാര്യയെയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം വസ്ത്രക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രഭാകറിനെ കണ്ടെത്തിയത്.

പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. വ്യാപാരം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പായതോടെ ചെറുപട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിച്ചുവെന്നാണ് പ്രഭാകറിന്റെ ആരോപണം. മാണ്ഡ്യയിലെ സ്ത്രീകൾ സൗജന്യ യാത്രയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി സമീപ നഗരമായ മൈസൂരിൽ നിന്ന് നേരിട്ട് വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ തന്റെ കടയിലെ വിൽപ്പന കുറഞ്ഞുവെന്നും കുറിപ്പിൽ പറയുന്നു.

വീടിനായി എടുത്ത വായ്പയുടെ തവണകൾ അടയ്ക്കാനാകാത്ത അവസ്ഥയിലേക്കാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെയും സ്വകാര്യ വായ്പദാതാക്കളുടെയും സമ്മർദവും മാനസിക പീഡനവും സഹിക്കാനാകാതെയാണ് പ്രഭാകർ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകന്റെ ഭാര്യ മേഘന സ്വന്തം മുറിയിൽ ഉറങ്ങിക്കിടന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്തോഷിന്റെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. മാണ്ഡ്യ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി.

2023 ജൂൺ 11-നാണ് കർണാടക സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സേവനങ്ങൾ എന്നിവയിലെത്താനുള്ള സൗകര്യം വർധിപ്പിക്കുകയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.

അതേസമയം, കർണാടക മാതൃകയിൽ കേരളത്തിലും സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് തീരുമാനം. പദ്ധതിമൂലം പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് സർക്കാർ കണക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img