
വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ വാസ്തവമാണെന്ന് വെളിപ്പെടുത്തൽ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു. ബുഷിന് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നു എന്നും ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററിയിൽ പറയുന്നു. “ദി ഏജ് ഓഫ് ഡിസ്ക്ലോഷർ” എന്ന ഡോക്യുമെന്ററിയിലാണ് 1964-ൽ ന്യൂ മെക്സിക്കോയിലെ ഹോളോമാൻ എയർ ഫോഴ്സ് ബേസിൽ നടന്നതായിട്ടുള്ള അന്യഗ്രഹജീവി സമ്പർക്ക സംഭവം ജോർജ് എച്ച്. ഡബ്ല്യു. ബുഷിന് അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. അതേസമയം, ഈ ആരോപണങ്ങൾക്ക് പിന്തുണ നൽകുന്ന ഉറച്ച തെളിവുകളൊന്നും ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചിട്ടില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2003-ൽ ബുഷുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ഹോളോമാൻ സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതെന്ന് ഡോക്യുമെന്ററിയിൽ ജ്യോതിശാസ്ത്രജ്ഞൻ എറിക് ഡേവിസ് പറയുന്നു. മൂന്ന് അന്യഗ്രഹ ബഹിരാകാശ വാഹനങ്ങൾ ബേസിന് സമീപം പ്രത്യക്ഷപ്പെട്ടു എന്നാണ് എറിക്കിൻ്റെ വെളിപ്പെടുത്തൽ. അവയിൽ ഒന്ന് ഇറങ്ങി അതിൽ നിന്ന് ഇറങ്ങിയ ഒരു ജീവി അമേരിക്കൻ വ്യോമസേന ഉദ്യോഗസ്ഥരും CIA അംഗങ്ങളും തമ്മിൽ ആശയവിനിമയം നടത്തി. കൂടുതൽ വിശദാംശങ്ങൾ തേടിയപ്പോൾ, “നീ അറിയേണ്ടതില്ല” എന്നായിരുന്നു മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
അന്യഗ്രഹ ജീവികളെ കണ്ടെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനും മുൻ എഎടിഐപി അംഗവുമായ ഹാൽ പുത്തോഫിന്റെ പരമാർശങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജ്ഞാത അസാധാരണ പ്രതിഭാസങ്ങൾ യാഥാർത്ഥ്യമാണെന്നും, അവ ഭൂമിയിൽ തകർന്നു വീഴുകയും നോൺഹ്യൂമൻ ശരീരങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡോക്യുമെന്ററിയിൽ പറയുന്നതായി സംവിധായകൻ ഡാൻ ഫറയെ ഉദ്ധരിച്ച് സിഎൻഎനും റിപ്പോർട്ട് ചെയ്തു. പതിറ്റാണ്ടുകളായി യു.എസ്. സർക്കാർ ഈ വിവരങ്ങളെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. യു.എസ്. സർക്കാർ, സൈന്യം, ഇൻ്റലിജൻസ് കമ്മ്യൂണിറ്റികൾ എന്നിവയിലെ 34 മുതിർന്ന അംഗങ്ങളെ ഡോക്യുമെന്ററിയിൽ അഭിമുഖം ചെയ്യുന്നുണ്ട്. പ്രസിഡൻ്റുമാർ പോലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയേണ്ടതില്ല എന്ന തത്വത്തിലാണ് പലപ്പോഴും കാര്യങ്ങൾ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ ഡോക്യുമെന്ററിയിൽ പറഞ്ഞുവെക്കുന്നു.
ട്രംപിൻ്റെ ആദ്യ ഭരണകാലത്ത്, അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സത്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കാൻ ആലോചിച്ചിരുന്നു എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ആലോചിച്ച ഈ വെളിപ്പെടുത്തലിന് ഡോക്യുമെന്ററിയുടെ റിലീസോടെ പ്രസിഡൻ്റിന് കൂടുതൽ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നും മനുഷ്യരാശി പ്രപഞ്ചത്തിൽ ഒറ്റക്കല്ലെന്ന് ലോകത്തോട് പറയുന്ന നേതാവായി അദ്ദേഹം മാറുമെന്നും ഫറ എബിസി ന്യൂസിനോട് പറഞ്ഞു.











