
ബെംഗളൂരു: ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ബെംഗളൂരുവിലേ ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിൽ സ്ഥാപിച്ച ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം ചെയ്യവേയാണ് റയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബി-28 ശ്രേണിയിലെ ബുള്ളറ്റ് ട്രെയിൻ കോച്ചുകളാണ് ആദിത്യ പ്ലാന്റിൽ നിർമ്മിക്കുക.
തദ്ദേശീയ എൻജിനിയറിങ് ശേഷിയെ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈസ്പീഡ് ട്രെയിനുകൾ വന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങൾ തമ്മിലുള്ള ദൂരവും സമയവും ഗണ്യമായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ–ബെംഗളൂരു യാത്ര വെറും 73 മിനിറ്റിലേക്ക് ചുരുങ്ങും എന്നതാണ് പ്രധാന നേട്ടം.
മുംബൈ–ബെംഗളൂരു റൂട്ടിൽ പുതിയ ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽ നിന്ന് എൽ.എച്ച്.ബി. കോച്ചുകളോടെ പുതിയ മെയിൽ എക്സ്പ്രസ് ആരംഭിക്കും. ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസും ഉടൻ സർവീസ് തുടങ്ങും. കൂടാതെ, മംഗളൂരു–ബെംഗളൂരു വന്ദേഭാരത് ട്രെയിനും ഉടൻ വരുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.










