08:58pm 08 September 2026
NEWS
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലെത്തും
08/09/2026  07:34 PM IST
nila
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലെത്തും

ന്യൂഡൽഹി: ഇന്ത്യ കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടത്തിനൊരുങ്ങുന്നു. 2027 മേയ്-ജൂൺ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ എത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. പരീക്ഷണം രണ്ടുമുതൽ നാല് മാസം വരെ നീളും. പരീക്ഷണയോട്ടം വിജയകരമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വഡോദരയിൽ നടന്ന ‘നമോ ഫോർ വിക്ഷിത് ഭാരത്’ പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം നിർമാണം പൂർത്തിയായതായും തുടർ പരിശോധനകൾക്കായി അയച്ചതായും അദ്ദേഹം പറഞ്ഞു.

വഡോദരയിൽ നിന്ന് മുംബൈയിലേക്ക് ഒന്നര മണിക്കൂർ

ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ടുപോകുകയാണെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. വഡോദരയിൽ നിന്ന് മുംബൈയിലേക്ക് ബുള്ളറ്റ് ട്രെയിനിൽ ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കും. ‘ആത്മനിർഭർ ഭാരത്’ ആശയത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൂറത്ത്-വാപ്പി സെക്ഷന്റെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ അതിവേഗ റെയിൽ ശൃംഖലയുടെ വികസനത്തിൽ നിർണായകമായ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

റെയിൽവേയിൽ അടിമുടി മാറ്റം

റെയിൽവേയുടെ പ്രവർത്തന സംവിധാനങ്ങളിലും ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിലും നിർമാണ രീതികളിലും വലിയ മാറ്റങ്ങൾ നടപ്പാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക ചരക്ക് ഗതാഗതത്തിനായി പുതിയതരം വാഗണുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഉപ്പ് കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത വാഗണും ഇതിൽ ഉൾപ്പെടും.

വർഷങ്ങളായി മുടങ്ങിക്കിടന്ന റെയിൽവേ പദ്ധതികൾ പൂർത്തിയാക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. ചെനാബ് പാലം, മിസോറാമിനെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാത തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണവും ഇതിന്റെ ഭാഗമാണ്.

ഡൽഹി-ലഖ്നൗ യാത്ര ഇനി രണ്ട് മണിക്കൂറിൽ

ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് അതിവേഗ റെയിൽ കണക്ഷൻ ഒരുക്കാനുള്ള പദ്ധതിയും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ഏകദേശം 495 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ 12 മിനിറ്റിൽ പിന്നിടാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഡൽഹി-കാൺപൂർ ഭാഗത്തിന് ഏകദേശം 455 കിലോമീറ്റർ ദൂരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഡൽഹിക്കും ലഖ്നൗവിനുമിടയിലെ യാത്രാസമയം ഗണ്യമായി കുറയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img