
ലഹരിമരുന്ന് കച്ചവടം നടത്തിയതിന് കണ്ടങ്കാളി മുല്ലക്കോട് സി.നിഖില വീണ്ടും അറസ്റ്റിൽ. ബെംഗളുരുവിൽ നിന്നാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന മുപ്പതുകാരിയായ നിഖിലയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് നിഖിലയെ എക്സൈസ് സംഘം പിടികൂടിയത്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ലഹരി മരുന്ന് വിൽപ്പന നടത്തിയതിന് ഒരു യുവതിയെ കരുതൽ തടങ്കലിലാക്കുന്നത്. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലിൽ വയ്ക്കാം.
ലഹരിക്കേസിൽ നിരവധി തവണ നിഖില പിടിയിലായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,‘ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേരള പൊലീസിന്റെയും ബെംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷും സംഘവുമാണ് ഒളിവിൽ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.











