
ബംഗളുരുവിലെ യെലഹങ്കയ്‌ക്ക് സമീപമുള്ള കൊഗിലു പ്രദേശത്തെ ഫക്കീർ കോളനിയിലെയും വാസിം ലേഔട്ടിലെയും നാനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ജിബിഎ അധികൃതർ ഇടിച്ചുനിരത്തിയത് കഴിഞ്ഞയാഴ്ചയാണ്. പുലർച്ചെ നടന്ന ബുൾഡോസർ ആക്രമണത്തിൽ വീടുകൾ തവിടുപൊടിയായി. മൂവ്വായിരത്തോളം ആളുകളാണ് വഴിയാധാരമായത്. ഖരമാലിന്യ സംഭരണത്തിനും സംസ്കരണത്തിനുമായി നീക്കിവെച്ചിരുന്ന സ്ഥലത്ത് ആളുകൾ വീടുകെട്ടി താമസിക്കുകയായിരുന്നെന്ന് ജിബിഎ അധികൃതർ പറഞ്ഞു. എല്ലാവർക്കും നാലുതവണ നോട്ടീസ് നൽകിയിരുന്നു. ആരും ഒഴിഞ്ഞുപോകാൻ കൂട്ടാ ക്കാത്തതിനെ തുടർന്നാണ് ഇടിച്ചുനിരത്തേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിൽ പെട്ടവരാണ് ഇവിടെ കൂട്ടംകൂട്ടമായി കുടുംബസമേതം താമസിച്ചിരുന്നത്. മുസ്ലിം സമുദായത്തോട് പ്രത്യേക പരിഗണന കാട്ടുന്നു എന്നായിരുന്നു സിദ്ധരാമയ്യ ഗവണ്മെന്റിനെ പറ്റി പ്രതിപക്ഷത്തിന് ഇതുവരെ ഉണ്ടായിരുന്ന ആരോപണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതിന് ശേഷമാണ് മുഖ്യപ്രതിപക്ഷമായ ബിജെപി പോലും ഈ വിഷയത്തിൽ പ്രതികരിച്ചത്. കർണാടകത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കേരള മുഖ്യമന്ത്രി ഇടപെടേണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തിരിച്ചടിച്ചു. കോളനി നിവാസികളെ അധിവസിപ്പിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നെന്നും ആളുകൾ അങ്ങോട്ട് പോകാൻ തയ്യാറായില്ലെന്നും ഭവനമന്ത്രി സമീർ അഹ്മദ് ഖാൻ പറഞ്ഞു. പാർപ്പിടം നഷ്ടപ്പെട്ടവരെ താമസിപ്പിക്കാൻ താത്കാലിക ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊഗിലു പ്രശ്നത്തിന് പിന്നിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നുള്ള ആരോപണം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിപിഎം എം പി, എ എ റഹീം സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
Photo Courtesy - Google











