
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കെട്ടിട നവീകരണ പദ്ധതി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ് എം എസ്) പൂർവ്വവിദ്യാർഥിയുടെ സാമ്പത്തിക പിന്തുണയോടെ നടപ്പിലാക്കുന്ന എസ് എം എസ് കെട്ടിട നവീകരണ പദ്ധതി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബേബി, ഡോ. ഡി മാവൂത്ത്, എസ് എം എസ് ഡയറക്ടർ ഡോ. സാം തോമസ്, രജിസ്ട്രാർ ഡോ. അരുൺ എ യു, ഡ്രീംഫ്ലവർ ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പൂർവ്വവിദ്യാർഥിയുടെ പ്രതിനിധിയുമായ പ്രിയ ഫാസിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ പ്രവേശന കവാടം, ലോബി നവീകരണം, എസ് എം എസ് ഓഫീസിൽ നവീകരണം, കോർട്ട്യാർഡ് ടൈലിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2000 ലെ എംബിഎ ഫുൾടൈം ബാച്ച് സ്‌പോൺസർ ചെയുന്ന ആദ്യഘട്ടത്തിൽ പുതിയ പ്രവേശന കവാടമാണ് നിർമിക്കുന്നത്. നിലവിൽ 500-ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, പ്രൊഫഷണൽ പ്രതിച്ഛായയും ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്നും, മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
Photo Courtesy - Google








