NEWS
പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റ്: സംസ്‌കൃതി ഖത്തർ
24/06/2026 10:48 AM IST
nila

ദോഹ: വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം സാധാരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസം പകരുന്ന നിർണായക പ്രഖ്യാപനങ്ങൾ പുതിയ മന്ത്രിസഭയുടെ ആദ്യബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്‌കൃതി ഖത്തർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയ കിഫ്ബിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ബജറ്റിലൂടെ പ്രകടമാകുന്നത്. ക്ഷേമപെൻഷൻ, സ്ത്രീസുരക്ഷാ പദ്ധതികൾ, ലൈഫ് മിഷൻ, വയനാട് ടൗൺഷിപ്പ് പദ്ധതി തുടങ്ങിയവയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിട്ടില്ല. തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ഗുരുതരമായ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ കാണാനായില്ല.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസി സമൂഹത്തെ ബജറ്റ് പൂർണമായും അവഗണിച്ചിരിക്കുകയാണ്. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരക്ഷണം, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്തുണ നൽകുന്ന പദ്ധതികൾ എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നൽകിയിട്ടില്ല. മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ലോക കേരള സഭയെക്കുറിച്ചും ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്.
പ്രവാസി ക്ഷേമപെൻഷൻ വിതരണം ദീർഘകാലമായി മുടങ്ങിയിട്ടും, അത് പുനഃസ്ഥാപിക്കുന്നതിനോ കുടിശ്ശികകൾ അടിയന്തരമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണ്. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ ക്ഷേമപദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംസ്‌കൃതി ആവശ്യപ്പെട്ടു.
അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രവാസികളുടെയും ആശങ്കകൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയ്യാറാകണമെന്നും സംസ്‌കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീറും ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളവും സംയുക്ത പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










