ലണ്ടൻ: ഇന്ത്യൻ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ ബക്കിംഗ്ഹാം സർവകലാശാല വിസിയെ സസ്‌പെൻഡ് ചെയ്തു. ബക്കിംഗ്ഹാം സർവകലാശാല വൈസ് ചാൻസിലർ ജെയിംസ് ടൂളിയ്ക്കെതിരെയാണ് നടപടി. ഹൈദരാബാദ് സ്വദേശിനിയായ 25കാരിയുടെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജെയിംസ് ടൂളിയെ ഭരണകൂടം സസ്പെൻഡ് ചെയ്തത്.
താൻ പതിനെട്ടാമത്തെ വയസിലാണ് 65 വയസുള്ള ജെയിംസ് ടൂളിയുമായി പ്രണയത്തിലാകുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തത് എന്നാണ് യുവതിയുടെ ഡയറിക്കുറിപ്പ്. ടൂളിയുടെ മുൻ ഭാര്യയാണ് ഈ ഡയറിക്കുറിപ്പുകൾ അധികൃതർക്ക് കൈമാറിയത്. സർവകലാശാല ഫീസ് അടയ്ക്കാൻ ടൂളി പലപ്പോഴായി സഹായം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ കുറിപ്പിൽ പറയുന്നു. ടൂളി സ്‌നേഹമുളളവനും ബഹുമാനമുളളവനുമാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദിലെ ദരിദ്ര സമൂഹങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ടൂളി യുവതിയെ പരിചയപ്പെട്ടത് എന്നാണ് റിപ്പോർട്ട്. 2020ലാണ് ടൂളി സർവകലാശാലയുടെ വിസിയായി ചുമതലയേറ്റത്. ടൂളി മോശമായി പെരുമാറിയതിനെ തുടർന്നാണ് ഡയറിക്കുറിപ്പിന്റെ പകർപ്പുകൾ സർവകലാശാലയ്ക്ക് കൈമാറിയതെന്നാണ് മുൻ ഭാര്യ സിന്തിയ പ്രതികരിച്ചത്.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കളളവും വാസ്തവവിരുദ്ധവുമാണെന്നാണ് ടൂളിയുടെ പ്രതികരണം. ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ബക്കിംഗ്ഹാം സർവകലാശാല.