04:38pm 15 August 2026
NEWS
ബിഎസ്എൻഎൽ 5ജി ഉടനെത്തും; ഓണവും സ്വാതന്ത്ര്യദിനവും പ്രമാണിച്ച് കിടിലൻ ഓഫറുകളും
15/08/2026  01:17 PM IST
nila
ബിഎസ്എൻഎൽ 5ജി ഉടനെത്തും; ഓണവും സ്വാതന്ത്ര്യദിനവും പ്രമാണിച്ച് കിടിലൻ ഓഫറുകളും

തിരുവനന്തപുരം: 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബിഎസ്എൻഎൽ. ഡിസംബറിൽ രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിടാനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ അറിയിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുക.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി സിം എടുക്കുന്നവർക്ക് ഒരു രൂപ പ്ലാനിൽ 24 ജിബി ഡേറ്റ, 100 എസ്.എം.എസ്., അൺലിമിറ്റഡ് കോളുകൾ എന്നിവ ഒരു വർഷത്തേക്ക് ലഭിക്കും.

2399 രൂപയുടെ വാർഷിക പ്ലാനിന്റെ കാലാവധിയും പ്രത്യേക ഓഫറിന്റെ ഭാഗമായി വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ 365 ദിവസത്തിന് പുറമെ 47 ദിവസം അധികമായി ലഭിക്കുന്നതോടെ പ്ലാനിന്റെ ആകെ വാലിഡിറ്റി 412 ദിവസമാകും. സെപ്റ്റംബർ 12ന് മുമ്പ് ഈ പ്ലാനിൽ റീചാർജ് ചെയ്യുന്നവർക്കാണ് അധിക വാലിഡിറ്റി ലഭിക്കുക.

ഓണം ഓഫറുകളിൽ ലൈവ് ടിവിയും ഒടിടി കണ്ടന്റുകളും

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ പുതുതായി ആരംഭിച്ച എന്റർടെയ്ൻമെന്റ് വിഭാഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. മനോരമ, മനോരമ ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകൾ ലൈവ് ടിവി വിഭാഗത്തിൽ സൗജന്യമായി കാണാം. സിനിമ, സീരീസ്, മ്യൂസിക്, ആധ്യാത്മികം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലെ കണ്ടന്റുകളും ആപ്പിൽ ലഭ്യമാകും.

എഫ്ടിടിഎച്ച് കണക്‌ഷൻ എടുക്കുന്നവർക്കായി ഓണം പ്രമാണിച്ച് പുതിയ പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഫൈബർ എൻട്രി, ബിഎസ്എൻഎൽ ഓണം റീ കണക്ട് 100, ബിഎസ്എൻഎൽ ഓണം റീ കണക്ട് 2994, ബിഎസ്എൻഎൽ ഓണം ഫൈബർ സ്പീഡ് 100 എന്നിവയാണ് പുതിയ പ്ലാനുകൾ. പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മനോരമ മാക്സ് ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാകും.

ഗ്രാമീണ മേഖലകളിലും ഫൈബർ നെറ്റ്‌വർക്ക്

മഴക്കാലം അവസാനിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലകളിലും ഫൈബർ നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ആർ. സജികുമാർ അറിയിച്ചു.

ഉപഗ്രഹ ഫോൺ സർവീസ്, വ്യവസായ മേഖലയിൽ സ്വകാര്യത ഉറപ്പാക്കുന്ന നിരീക്ഷണ ക്യാമറ സംവിധാനം, ക്ലൗഡ് വൈഫൈ നെറ്റ്‌വർക്ക് തുടങ്ങിയ സേവനങ്ങളും നിലവിൽ ബിഎസ്എൻഎൽ മുഖേന ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img