
ന്യൂഡൽഹി: മൊബൈൽ ടവറുകളോ സാധാരണ സെല്ലുലാർ ശൃംഖലയോ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കാൻ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് ഫോണിന്റെ വില.
സെല്ലുലാർ ടവറുകളെ ആശ്രയിക്കുന്നതിന് പകരം ബഹിരാകാശത്തിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. അതിനാൽ, മൊബൈൽ നെറ്റ്വർക്ക് എത്തിപ്പെടാത്ത ഓഫ്-ഗ്രിഡ് മേഖലകളിലും വിശ്വസനീയമായ രീതിയിൽ കോളുകൾ ചെയ്യാൻ ഇത് സഹായിക്കും.
ആഗോള സാറ്റലൈറ്റ് സേവനദാതാക്കളായ ഇൻമാർസാറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്സെറ്റ് വികസിപ്പിച്ചിരിക്കുന്നത്. പ്രതിരോധ മേഖല, സമുദ്രഗതാഗതം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ഖനന മേഖല, ഉൾപ്രദേശങ്ങളിലെ വിവിധ പദ്ധതികൾ, സാഹസിക യാത്രകൾ എന്നിവയുൾപ്പെടെ സാധാരണ ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
എവിടെനിന്നും വോയ്സ് കോളുകൾ ചെയ്യാനുള്ള സൗകര്യം, അടിയന്തര സാഹചര്യങ്ങളിൽ വിശ്വസനീയമായ ആശയവിനിമയം, ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.
എന്നാൽ, സാധാരണ സ്മാർട്ട്ഫോണുകൾ പോലെ ഈ ഫോൺ ആർക്കും നേരിട്ട് വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുള്ളതിനാൽ, ഫോൺ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് കേന്ദ്ര ടെലികോം വകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്.










