
കഴിഞ്ഞ കുറേ നാളുകളായി രാജ്യത്ത് ബിഎസ്എൻഎൽ രണ്ടും കൽപ്പിച്ചാണ് എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം സ്വകാര്യ ടെലികോം ദാതാക്കൾ തങ്ങളുടെ റീചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയതോടെ വൻതോതിൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കൂടുമാറിയിരുന്നു. ഇതിനു പിന്നാലെ ജനപ്രിയ പ്ലാനുകൾ തുടർച്ചയായി അവതരിപ്പിച്ച ബിഎസ്എൻഎൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ആ കഥ വളരെ രസകരമാണ്. ഇപ്പോൾ അവതരിപ്പിച്ച വെറും ഒരു രൂപക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 2 ജിബി ഹൈ- സ്പീഡ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസുമുള്ള പ്ലാനിനെ കുറിച്ച് പറയും മുമ്പ് ആ കഥ കൂടി പറയാം..
2024 ജൂണിലാണ് സ്വകാര്യ ടെലികോം സേവന ദാതാക്കൾ തങ്ങളുടെ റീച്ചാർജ്ജ് നിരക്കുകൾ വലിയതോതിൽ വർധിപ്പിച്ചത്. ഇതിനു തൊട്ടുപിന്നാലെ ജനങ്ങൾ സ്വകാര്യ മൊബൈലുകളിൽ നിന്നും രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് തങ്ങളുടെ നമ്പരുകൾ പോർട്ട് ചെയ്യാൻ തുടങ്ങി. 2024 ഒക്ടോബർ ആയപ്പോഴേക്കും ഏകദേശം 5.5 ദശലക്ഷം മൊബൈൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഡാറ്റ പ്രകാരം, 2024 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് BSNL-ലേക്കുള്ള ഉപഭോക്തൃ കുടിയേറ്റത്തിൽ വലിയ വർധനയുണ്ടായി. 2024 ജൂലൈയിൽ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്ന് 1.5 ദശലക്ഷം ഉപയോക്താക്കൾ BSNL-ൽ ചേർന്നു. ഓഗസ്റ്റിൽ ഈ സംഖ്യ 2.1 ദശലക്ഷമായും സെപ്റ്റംബറിൽ 1.1 ദശലക്ഷമായും 2024 ഒക്ടോബറിൽ 0.7 ദശലക്ഷമായും ഉയർന്നു. 2024 ജൂണിൽ ബിഎസ്‌എൻഎല്ലിന് 63,709 പോർട്ട്-ഇന്നുകൾ മാത്രമേ ലഭിച്ചുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കണം കേട്ടോ.
അതേസമയം, ബിഎസ്‌എൻഎൽ വിട്ട് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറുന്ന ഉപഭോക്താക്കളുടെ എണ്ണം 2024 ജൂണിൽ കൂടുതലായിരുന്നു, ഏകദേശം 0.4 ദശലക്ഷം ഉപയോക്താക്കൾ ജൂണിൽ ബിഎസ്എൻഎല്ലിൽ നിന്നും പോർട്ട് ഔട്ട് ചെയ്തു. എന്നുവെച്ചാൽ, ബിഎസ്എൻഎൽ സിം ഉപയോഗിച്ചിരുന്നവർ തങ്ങളുടെ നമ്പർ മറ്റ് സ്വകാര്യ കമ്പനികളിലേക്ക് മാറ്റി. സ്വകാര്യ മൊബൈൽ സേവന ദാതാക്കളുടെ താരിഫ് വർദ്ധനവിനെത്തുടർന്ന്, ഉപഭോക്തൃ ചലന നിരക്ക് ഗണ്യമായി കുറഞ്ഞു. 2024 ജൂലൈ ആയപ്പോഴേക്കും 0.31 ദശലക്ഷം ഉപയോക്താക്കൾ മാത്രമാണ് ബിഎസ്‌എൻഎൽ വിട്ടത്, ഈ എണ്ണം ഓഗസ്റ്റിൽ 0.26 ദശലക്ഷമായും സെപ്റ്റംബറിൽ 0.28 ദശലക്ഷമായും 2024 ഒക്ടോബറിൽ 0.51 ദശലക്ഷമായും കുറഞ്ഞു.
മൊത്തത്തിൽ, ഈ കാലയളവിൽ ബിഎസ്‌എൻഎല്ലിൽ ചേരുന്ന ഉപഭോക്താക്കളുടെ എണ്ണം നെറ്റ്‌വർക്ക് വിടുന്നവരെക്കാൾ വളരെ കൂടുതലായിരുന്നു. കൂടാതെ, ബിഎസ്‌എൻഎല്ലിന്റെ പുതിയ സിം കാർഡ് വിൽപ്പനയിലും വൻ കുതിച്ചുചാട്ടം അനുഭവപ്പെട്ടു. 2024 ജൂണിൽ കമ്പനി വെറും 790,000 സിം കാർഡുകൾ മാത്രമാണ് വിറ്റത്, എന്നാൽ ഈ എണ്ണം 2024 ജൂലൈയിൽ 4.9 ദശലക്ഷമായും, 2024 ഓഗസ്റ്റിൽ 5 ദശലക്ഷമായും, സെപ്റ്റംബറിൽ 2.8 ദശലക്ഷമായും, 2024 ഒക്ടോബറിൽ 1.9 ദശലക്ഷമായും ഉയർന്നു.
ഇതിനിടെ തങ്ങളുടെ റിച്ചാർജ്ജ് താരിഫ് ബിഎസ്എൻഎൽ വർധിപ്പിച്ചില്ല എന്നുമാത്രവുമല്ല. കുറഞ്ഞ പണത്തിന് വലിയ സേവനങ്ങൾ നൽകുന്ന ജനപ്രിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു. ബിഎസ്എൻഎല്ലിന്റെ ചരിത്രത്തിൽ അതുവരെയില്ലാത്ത പ്രകടനമാണ് കമ്പനി കാഴ്ച്ചവെച്ചത്. രാജ്യത്തെ സ്വകാര്യ ടെലികോം ദാതാക്കളെ എല്ലാം അമ്പരപ്പിക്കാൻ കഴിയുന്ന വളർച്ചയും ജനപ്രീതിയും വാർത്താ പ്രാധാന്യവും ബിഎസ്എൻഎൽ നേടി.
ഇത് ഒരു വർഷം മുമ്പുള്ള കഥ. ഇപ്പോൾ, 2025 ഓഗസ്റ്റിൽ ബിഎസ്എൻഎൽ സകലരെയും അമ്പരപ്പിക്കുകയാണ്. വെറും ഒരു രൂപക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 2 ജിബി ഹൈ- സ്പീഡ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസുമാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. 'ഫ്രീഡം പ്ലാൻ' എന്ന പേരിലാണ് ഈ പദ്ധതി ബിഎസ്ൻഎൽ നടപ്പാക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ 1 രൂപ പ്ലാൻ അവസതരിപ്പിച്ചിരിക്കുന്നത്. അതായത്, പുതിയതായി ബിഎസ്എൻഎൽ സിം എടുക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള ഒരു ട്രയൽ പായ്ക്കായി ഇതു പ്രവർത്തിക്കുന്നു. പ്ലാൻ ചെലവ് വെറും 1 രൂപയാണ്. ഫ്രീഡം പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഒരു മാസത്തേയ്ക്ക് വെറും 1 രൂപയ്ക്ക് ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കാം. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാകും ഈ ഓഫർ ഉപയോക്താക്കൾക്ക് ഏറ്റെടുക്കാൻ കഴിയുക. സിം സൗജന്യമാണ്.
പരിധിയില്ലാത്ത വോയ്സ് കോളുകളുമായാണ് പ്ലാൻ എത്തുന്നത്. ഇതിൽ ലോക്കൽ, എസ്ടിഡി കോളുകൾ ഉൾപ്പെടുന്നു. പ്രതിദിനം 2 ജിബി ഹൈ- സ്പീഡ് ഡാറ്റ ലഭിക്കും. പ്രതിദിനം 100 എസ്എംഎസും ഉപയോഗിക്കാം.
സ്വകാര്യ ടെലികോം കമ്പനികളായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും, സുനിൽ മിത്തലിന്റെ ഭാരതി എയർടെലും, വോഡഫോൺ ഐഡിയയും യഥാക്രമം 349 രൂപ, 379 രൂപ, 399 രൂപയ്ക്ക് നൽകുന്ന സേവനമാണ് ബിഎസ്എൻഎൽ 1 രൂപയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.











