11:43pm 16 August 2026
NEWS
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സൈനികൻ അറസ്റ്റിൽ
16/08/2026  07:36 PM IST
nila
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സൈനികൻ അറസ്റ്റിൽ

ഹോഷിയാർപൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരണം അപകടമോ ആത്മഹത്യയോ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന കേസിൽ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. ശേഖമട്ട ഗ്രാമം സ്വദേശിയായ അമർജിത് സിങാണ് അറസ്റ്റിലായത്. അമർജിതിന്റെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 14ന് പുലർച്ചെ നാലുമണിയോടെയാണ് അമർജിത് രമയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. വീടിന്റെ മുകളിൽ നിന്ന് രമ അബദ്ധത്തിൽ വീണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴേക്കും രമ മരിച്ചിരുന്നു.

മരണത്തിൽ സംശയം തോന്നിയ കുടുംബം ഉടൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമർജിതിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നുള്ള ഫോറൻസിക് തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ചതോടെ രമയുടെ മരണം വീഴ്ചയെ തുടർന്നല്ലെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അമർജിത് ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏകദേശം 12 വർഷം മുൻപാണ് അമർജിതും രമയും വിവാഹിതരായത്. വിവാഹശേഷം രമയെ അമർജിത് നിരന്തരം ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി എഫ്ഐആറിൽ പറയുന്നു.

കൊലപാതകക്കുറ്റത്തിന് പുറമെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും അമർജിതിനെതിരെ കേസെടുത്തിട്ടുണ്ട്. ബിഎസ്എഫ് അംഗമായ പ്രതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരം സേനാ അധികൃതരെയും പൊലീസ് അറിയിച്ചു.

ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img