12:55pm 27 April 2026
NEWS
ബി എസ്‌ യഡിയൂരപ്പ അഭിമാനോത്സവം മെയ് ഒമ്പതിന്
27/04/2026  11:18 AM IST
വിഷ്ണുമംഗലം കുമാർ
ബി എസ്‌ യഡിയൂരപ്പ അഭിമാനോത്സവം മെയ് ഒമ്പതിന്

ബംഗളുരു: കർണാടകത്തിൽ അധികാരം പിടിക്കാൻ പഴയ പടക്കുതിരയായ ബി എസ്‌ യഡിയൂരപ്പയുടെ പ്രതിഛായ ഊതിക്കാച്ചിയെടുക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. രാഷ്ട്രീയരംഗത്ത്‌ യഡിയൂരപ്പ അരനൂറ്റാണ്ട് പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് മെയ്‌ ഒമ്പതിന് ചിത്രദുർഗ്ഗയിൽ പടുകൂറ്റൻ റാലി സംഘടിപ്പിക്കും. ബി എസ്‌ വൈ അഭിമാനോത്സവം എന്ന് പേരിട്ട ആ പരിപാടിയിൽ പത്തുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് നേതൃത്വം ഒരുക്കം കൂട്ടുന്നത്. ആഭ്യന്തരമന്ത്രിയും ബിജെപിയുടെ ദേശീയ നേതൃത്വത്തിലെ പ്രധാനിയുമായ അമിത് ഷാ പരിപാടി ഉത്ഘാടനം ചെയ്യും. തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സമുന്നത നേതാവാണ് യഡിയൂരപ്പ. വീരശൈവ- ലിങ്കായത്ത് സമുദായക്കാർക്കിടയിൽ ഈ എൺപത്തിമൂന്നുകാരന് അതിവിപുലമായ സ്വാധീനമുണ്ട്.ജന്മനാ പോരാളിയായ യഡിയൂരപ്പ ജെഡിഎസ്‌ നേതാവ് കുമാരസ്വാമിയുടെ വിശ്വാസവഞ്ചന സംസ്ഥാന പര്യടനം നടത്തി തുറന്നുകാട്ടിയാണ് 2008 ൽ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചത്. അക്കാലത്ത് നരേന്ദ്ര മോദിയോ അമിത് ഷായോ ബിജെപിയുടെ നേതൃത്വത്തിൽ എത്തിയിട്ടില്ല. കോൺഗ്രസ്സിന്റെയും പിന്നീട് ജെഡിഎസ്സിന്റെയും ശക്തി കേന്ദ്രമായിരുന്ന കർണാടകത്തിൽ ബിജെപിയെ വൻശക്തിയായി വളർത്തിയെടുത്തത് യഡിയൂരപ്പ എന്ന തന്ത്രജ്ഞനായ ഒറ്റയാനാണ്. നാലുതവണ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ 2021 ൽ അമിത് ഷാ കാണിച്ച അനാവശ്യ ധൃതിയാണ് 2023 ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിയെ ക്ഷയോന്മുഖമാക്കിയത്. ആ പിഴവ് മനസ്സിലാക്കിയ അമിത് ഷാ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കർണാടകത്തിലെ ബിജെപിയുടെ നേതൃത്വ ചുമതല യഡിയൂരപ്പയ്‌ക്ക് തിരിച്ചേൽപ്പിച്ചു. നിലവിൽ യഡിയൂരപ്പ ബിജെപി പാർലിമെന്ററി ബോർഡ് അംഗമാണ്. അദ്ദേഹത്തിന്റെ മകൻ വിജയേന്ദ്രയാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാനത്തെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയനേതാവ് യഡിയൂരപ്പയാണ്. ആ പ്രതിഛായ മുതലെടുത്ത് ബിജെപിയെ വീണ്ടും കർണാടകത്തിൽ അധികാരത്തിൽ എത്തിക്കാനാണ് നേതൃത്വം ബി എസ്‌ വൈ അഭിമാനോത്സവം സംഘടിപ്പിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img