
വിജയവാഡ: സർക്കാർ ഉദ്യോഗസ്ഥയായ മുപ്പത്തഞ്ചുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ മാച്ചർലയിലാണ് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് വെള്ളം ചോദിച്ച് എത്തിയ അജ്ഞാതനായ ആളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
വീട് പ്രവേശിച്ച പ്രതി യുവതിയെ ബലംപ്രയോഗിച്ച് കെട്ടിയിടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി പ്രതിയോട് പറഞ്ഞതോടെ ഇയാൾ കൂടുതൽ അക്രമാസക്തനായി. തുടർന്ന് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് കമ്പി കുത്തിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.
യുവതിയുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ അവർ നിലവിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരനെ വേഗത്തിൽ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.











