ഭർത്താവിന്റെ സഹോദരന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു

ഇരുപതുകാരന്റെ ജനനേന്ദ്രിയും സഹോദര ഭാര്യ അറുത്തെടുത്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ മവായിമയിലാണ് സംഭവം. മവായിമയിലെ മൽഖാൻപൂർ ഗ്രാമത്തിലെ രാം അസാരെയുടെ മകനായ ഉമേഷിന്റെ ജനനേന്ദ്രിയമാണ് ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ് യുടെ ഭാര്യ മഞ്ജു അറുത്തെടുത്തത്. ഇതിനുപുറമേ യുവാവിന്റെ ശരീരമാസകലം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ യുവതി ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ മാസം 16-ന് രാത്രിയിലാണ് ഉമേഷിനെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉമേഷിന്റെ നിലവിളി കേട്ടുണർന്ന കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോൾ കണ്ടത് കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെയും സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിലും വേദനകൊണ്ട് പുളയുന്ന ഉമേഷിനെയാണ്. ഉടൻതന്നെ ഉമേഷിനെ ആശുപത്രിയിൽ എത്തിച്ചു. പൊലീസിൽ പരാതി നൽകുകയും ചെയ്തു. അജ്ഞാതനായ ആൾ അക്രമിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിനെ കുഴപ്പിച്ചു. ആരാണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ തുടക്കത്തിൽ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് മഞ്‍ജു കുടുങ്ങിയത്. ഉമേഷും മഞ്ജുവിന്റെ അനിയത്തിയുമായി പ്രണയത്തിലായിരുന്നു. മഞ്ജുവിന്റെയും ഉദയ് യുടെയും വിവാഹത്തിന് പിന്നാലെ ഇരുവരും വളരെ അടുപ്പത്തിലാവുകയും പരസ്പരം വിവാഹം കഴിക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാൽ, താമസിയാതെ ഉമേഷിന്റെ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉയർന്നു. അടുത്ത ബന്ധത്തിൽ നിന്നുള്ള വിവാഹത്തിന് അസാരെ കുടുംബം എതിരായിരുന്നു. ഒടുവിൽ, മറ്റൊരു സ്ത്രീയുമായി അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് ഉമേഷ് മഞ്ജുവിന്റെ സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി.
ഇത് മഞ്ജുവിന്റെ അനിയത്തിയെ മാനസികമായി വല്ലാതെ ബാധിച്ചു. അവൾ വിഷാദത്തിലാവുകയും മറ്റു പ്രശ്‌നങ്ങൾക്കിടയാക്കിയെന്നും മഞ്ജുവിന്റെ കുടുംബം പറയുന്നു. സഹോദരിയുടെ ദുരിതം കണ്ടതോടെ, ഉമേഷിനോടുള്ള മഞ്ജുവിന്റെ ദേഷ്യവും പകയും വളരാൻ തുടങ്ങി. ഈ വൈകാരികമായ രോഷമാണ് ഒരു പ്രതികാരം ആസൂത്രണം ചെയ്യാൻ മഞ്ജുവിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ഒക്ടോബർ 16-ന് രാത്രി വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്നത് വരെ മഞ്ജു കാത്തിരുന്നു. അർദ്ധരാത്രിയോടെ, അവൾ അടുക്കളയിൽ നിന്ന് ഒരു കത്തിയെടുത്ത് ആരുമറിയാതെ ഉമേഷിന്റെ മുറിയിൽ പ്രവേശിച്ച് ആക്രമണം നടത്തി. ഉമേഷിനെ മഞ്ജു പലതവണ കുത്തുകയും തുടർന്ന് സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു.











