പാരമ്പര്യത്തേയും സംസ്കാരത്തെയും സംരക്ഷിക്കാനാണ് ഒരു യുവതിയെ തന്നെ വിവാഹം കഴിച്ചതെന്ന് പ്രദീപും സഹോദരനും

സഹോദരന്മാരായ രണ്ടു യുവാക്കൾ ഒരു യുവതിയെ വിവാഹം കഴിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. ഹിമാചലിലെ ഷില്ലായി ഗ്രാമത്തിലാണ് ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവർ ഒരു യുവതിയെ ഭാര്യയായി സ്വീകരിച്ചത്. സുനിത ചൗഹാൻ എന്ന യുവതിയാണ് രണ്ടു പുരുഷന്മാരെ ഒരേസമയം വിവാഹം കഴിച്ചത്. സംഭവം വലിയ വാർത്തയായതിന് പിന്നാലെ എന്തുകൊണ്ടാണ് തങ്ങൾ ഒരു യുവതിയെ തന്നെ വിവാഹം കഴിച്ചത് എന്ന് വ്യക്തമാക്കുകയാണ് പ്രദീപും സഹോദരനും. പാരമ്പര്യത്തേയും സംസ്കാരത്തെയും സംരക്ഷിക്കാനാണ് തങ്ങൾ അങ്ങനെ ചെയ്തത് എന്നാണ് ഇരുവരും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
ഈ പാരമ്പര്യം തലമുറകളായി പിന്തുടരുന്നതാണെന്ന് പ്രദീപ് നേഗി പറയുന്നു. ജോഡിദാർ പ്രഥ എന്ന ആചാരം തങ്ങളുടെ പ്രദേശത്ത് മാത്രമുള്ള ഒന്നല്ല. ഉത്തരാഖണ്ഡിലും ഇത് നിലവിലുണ്ട്. അവിടെ ഇത്തരം വിവാഹങ്ങളിൽ രണ്ട് വരന്മാരും ഒരേ സ്ത്രീയെയാണ് മാല ചാർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ വിവാഹം സ്വന്തം തീരുമാനത്തിന് അനുസരിച്ചായിരുന്നുവെന്ന് കപിൽ നേഗിയും വിശദീകരിച്ചു. ഇത് തങ്ങൾക്കും യുവതിക്കും സ്വീകാര്യമായിരുന്നു. കൂടാതെ, രണ്ടുപേരുടേയും കുടുംബങ്ങൾക്ക് എതിർപ്പില്ലായിരുന്നു. പാരമ്പര്യത്തിനും സംസ്കാരത്തിനുംവേണ്ടി വാദിക്കുന്നത് ഇനിയും തുടരും. ഈ ആചാരത്തെക്കുറിച്ച് അറിവില്ലാത്തവരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സുനിത നേരത്തെ പ്രതികരിച്ചിരുന്നു. യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. സഹോദരന്മാർ തമ്മിലുള്ള ബന്ധത്തെ താൻ ബഹുമാനിക്കുന്നുവെന്നും അവർ അന്ന് വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥനാണ് പ്രദീപ്. സഹോദരൻ കപിൽ വിദേശത്തും. സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി മേഖലയിൽ ജൂലായ് 12-നായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ, സൈബർ ആക്രമണങ്ങളെ കാര്യമാക്കുന്നില്ല എന്നാണ് ഈ കുടുംബം ഇപ്പോൾ വ്യക്തമാക്കുന്നത്.











