
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡ് ചെറുവല്ലൂരിൽ സഹോദരങ്ങൾ നേർക്കുനേർ മത്സരിക്കുന്നു
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ സതീഷ് ചെറുവല്ലൂർ എൻഡിഎ സ്ഥാനാർത്ഥിയും ഇളയ സഹോദരൻ സജീവ് കുടനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുമായാണ് പോരാട്ടക്കളത്തിൽ നേർക്കുനേർ അണിനിരക്കുന്നത്.
സഹോദരങ്ങളിൽ ഒരാളായ സതീഷ് ചെറുവല്ലൂർ 2010-ലെ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയാണ്.
2015, 2020 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇരു തവണയും എൻഡിഎ ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്, ഇരുമുന്നണികൾക്കും തുല്യ സ്വാധീനമുള്ള വാർഡാണ് ഇതെന്ന് തെളിയിക്കുന്നു.
സഹോദരങ്ങൾ നേർക്കുനേർ വരുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ വഴിമാറ്റത്തിന്റെ കഥയുമുണ്ട്. അഞ്ച് വർഷം മുൻപ്, പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സജീവ് കുടനാൽ ബിജെപി വിട്ട് സിപിഎമ്മിൽ ചേക്കേറുകയായിരുന്നു. ഈ രാഷ്ട്രീയ മാറ്റത്തിന് ശേഷമുള്ള ആദ്യത്തെ പ്രധാന പോരാട്ടമാണ് ഇത്.
നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റായ പ്രസന്ന രമേഷിൻ്റെ വാർഡ് കൂടിയാണ് ചെറുവല്ലൂർ. അതുകൊണ്ട് തന്നെ ഈ വാർഡിന്റെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയപരമായി ഏറെ നിർണായകമാണ്.
സജീവ് എൽഡിഎഫിന്റെ ഉറച്ച കോട്ട നിലനിർത്തുമോ, അതോ സതീഷ് എൻഡിഎയ്ക്ക് വേണ്ടി സീറ്റ് പിടിച്ചെടുക്കുമോ? രക്തബന്ധവും രാഷ്ട്രീയ നിലപാടുകളും ഏറ്റുമുട്ടുമ്പോൾ, ചെറിയനാട് ജനത ആകാംഷയോടെ കാത്തിരിക്കുകയാണ്; ഈ വാർഡിൽ ആര് ജയിക്കുമെന്ന് അറിയാൻ











