
ഭർത്താവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ശിക്ഷായിളവിനായി ഹർജി സമർപ്പിച്ചു. ബ്രിട്ടനിലെ ഡെർബിയിൽ നിന്നുള്ള റമൺദീപ് കൗർ മൻ ആണ് വധശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്. തനിക്കെതിരെ ഭർത്താവിന്റെ വീട്ടുകാർ കെട്ടിച്ചമച്ച കേസാണെന്ന് യുവതി ഹർജിയിൽ ആരോപിക്കുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഇന്ത്യയിൽ അവധി ആഘോഷിക്കാനെത്തിയപ്പോൾ ലഹരിമരുന്ന് കലർത്തിയ ബിരിയാണി നൽകി മയക്കിയ ശേഷം ഭർത്താവ് സുഖ്ജിത് സിങ്ങി (34) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് യുവതിക്കെതിരായ കേസ്.
2016ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് വയസുള്ള സ്വന്തം മകന് മുന്നിൽവെച്ചായിരുന്നു യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അമ്മയെ ശിക്ഷിക്കുന്നതിൽ നിർണ്ണായകമായ മൊഴി നൽകിയത് മകൻ അർജുനാണ്. സുഖ്ജിത്തിന്റെ ബാല്യകാല സുഹൃത്ത് ഗുർപ്രീത് സിങ്ങുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും, ഇരുവർക്കും ഒരുമിച്ച് ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി എന്നുമാണ് കേസ്.
നിലവിൽ ഷാജഹാൻപൂർ ജില്ലാ ജയിലിലാണ് റമൺദീപ് കൗർ കഴിയുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ജയിൽ ഉദ്യോഗസ്ഥരെയും മറ്റ് വിശിഷ്ട വ്യക്തികളെയും അവർ കണ്ടിരുന്നു. ജയിലിൽ ചിത്രം വരച്ച് സമയം ചെലവഴിക്കുന്ന റമൺദീപ് കൗറിന്റെ ചിത്രങ്ങൾ പ്രദർശനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. റമൺദീപ് കൗർ നിരപരാധിയാണെന്നും ഭർത്താവിന്റെ കുടുംബം കെട്ടിച്ചമച്ച കേസാണിതെന്നും അഭിഭാഷകർ വാദിക്കുന്നു.











