
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിക്കാരൻ വീസ തട്ടിപ്പിന് അറസ്റ്റിലായി. ചങ്ങനാശ്ശേരി സ്വദേശി ലക്സൺ അഗസ്റ്റിൻ (45) ആണ് അറസ്റ്റിലായത്. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം എറണാകുളം പനമ്പള്ളിനഗർ സ്വദേശി നൽകിയ പരാതിയിൽ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒമ്പതുപേരിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഏറ്റുമാനൂർ കെഎസ്ഇബിയിൽ അസി. എൻജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്സൺ യൂറോപ്പിലേക്ക് കുടിയേറിയത്. ബ്രിട്ടണിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴിൽ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 2017ൽ ബ്രിട്ടീഷ് പാർലമെന്റിലേക്കും മത്സരിച്ച ലക്സൺ അഗസ്റ്റിൻ, ഇക്കാര്യങ്ങൾ ഉൾപ്പെടെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടുകളിൽ പ്രശ്നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ജോലി തട്ടിപ്പിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും കേസുകളുണ്ട്. നേരത്തെ കോൺഗ്രസുകാരനായ ലക്സൺ ഇപ്പോൾ ബിജെപിയിലാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.











