
ലണ്ടൻ: അഫ്ഗാനിൽ ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ കഴിയുന്ന പീറ്റർ റെയ്നോൾഡ് (79), ഭാര്യ ബാർബി (75) എന്നിവരാണ് അറസ്റ്റിലായത്. മതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇവരുടെ മക്കൾ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കൾ അറസ്റ്റിലായതെന്നും ഇവർ പറയുന്നു.
റെയ്നോൾഡും ഭാര്യ ബാർബിയും അഫ്ഗാനിസ്ഥാനിൽ റീ ബിൽഡ് എന്ന സ്ഥാപനം നടത്തുകയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരിശീലനം നൽകുകയാണ് ഇവരുടെ ജോലി. മതാപിതാക്കളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മക്കൾ താലിബാൻ ഗവൺമെൻറിന് കത്തയച്ചു.
'അഫ്ഗാനിസ്ഥാനിലെ നിയമങ്ങളെ മാനിച്ചുകൊണ്ടാണ് ഞങ്ങളുടെ മാതാപിതാക്കൾ ഇത്രയും നാൾ അവിടെ ജീവിച്ചത്. ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനേക്കാൾ അഫ്ഗാനിസ്ഥാനിൽ താമസിക്കാനാണ് അവർ ഇഷ്ടപ്പെട്ടിരുന്നത്. ശിഷ്ട കാലം അവിടെ തന്നെ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇരുവരെയും മോചിപ്പിച്ച് അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും മക്കൾ താലിബാന് അയച്ച കത്തിൽ പറയുന്നു. കേസിൽ ഇടപെടരുതെന്ന് ബ്രിട്ടീഷ് ഗവൺമെൻറിനോട് റെയ്നോൾഡും ഭാര്യയും ആവശ്യപ്പെട്ടതായും മക്കൾ പറയുന്നു.











