12:46pm 30 April 2026
NEWS
ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബ്രിജിറ്റ് ബർദോത് അന്തരിച്ചു


29/12/2025  08:32 AM IST
nila
ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബ്രിജിറ്റ് ബർദോത് അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബ്രിജിറ്റ് ബർദോത് അന്തരിച്ചു. 91 വയസ്സായിരുന്നു. 1950–60 കാലഘട്ടങ്ങളിൽ സാമൂഹിക നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖമായി ‘ബിബി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രിജിറ്റ്, ഫ്രാൻസിലെ സാംസ്‌കാരിക ചരിത്രത്തിൽ അടയാളം പതിപ്പിച്ച വ്യക്തിത്വമാണ്. നടി എന്നതിന് പുറമേ ​ഗായികയായും തിളങ്ങിയ ബ്രിജിറ്റ് മൃഗാവകാശ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 

1934-ൽ പാരീസിലെ ഒരു കത്തോലിക്ക കുടുംബത്തിലാണ് ബ്രിജിറ്റ് ബർദോത് ജനിച്ചത്. 1956-ൽ പുറത്തിറങ്ങിയ ‘ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ’ എന്ന ചിത്രത്തിലൂടെയാണ് അവർ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. 1973-ൽ അഭിനയരംഗത്തുനിന്ന് പിന്മാറുന്നതുവരെ ഏകദേശം 50 സിനിമകളിൽ അഭിനയിച്ചു.

അന്നത്തെ കർശന സാമൂഹിക ചട്ടങ്ങളെ മറികടന്ന് സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ സ്ത്രീകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചുകൊണ്ടാണ് അവർ ശ്രദ്ധേയയായത്. മിനിസ്കർട്ട്, വ്യത്യസ്തമായ വേഷങ്ങൾ, ഹെയർസ്റ്റൈലുകൾ തുടങ്ങിയവയിലൂടെ അവർ രൂപപ്പെടുത്തിയ ഇമേജ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. വിവാഹവും വ്യക്തിജീവിതവും ഉൾപ്പെടെ സ്വന്തം തീരുമാനങ്ങളിൽ സ്വാതന്ത്ര്യം മുൻനിർത്തിയ നിലപാടുകൾ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമായി.

സിനിമയിൽ നിന്ന് വിരമിച്ച ശേഷം മൃഗസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ചു. 1986-ൽ ബ്രിജിറ്റ് ബർദോത് ഫൗണ്ടേഷൻ സ്ഥാപിച്ച് ലോകമെമ്പാടുമുള്ള മൃഗാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാലുതവണ വിവാഹിതയായിരുന്ന ബ്രിജിറ്റിന്റെ രണ്ടാം ഭർത്താവ് നടൻ ജാക്വസ് ഷാരിയറായിരുന്നു.

ഫ്രഞ്ച് സിനിമയുടെയും സാമൂഹിക ചിന്തയുടെയും ചരിത്രത്തിൽ ഒരിക്കലും മായാത്ത അടയാളമാണ് ബ്രിജിറ്റ് ബർദോത്. ബ്രിജിറ്റിനെ 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പുതിയ ദിശയിൽ ചിന്തിപ്പിച്ച വ്യക്തിത്വമായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img