
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നാലാമത് ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കമാകാനിരിക്കെ, അംഗരാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുന്നത് ഡൽഹിക്ക് വലിയ വെല്ലുവിളിയാകുന്നു. പശ്ചിമേഷ്യൻ യുദ്ധവും അമേരിക്ക–ഇറാൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ, എല്ലാ അംഗങ്ങൾക്കും അംഗീകരിക്കാനാകുന്ന സംയുക്ത പ്രസ്താവന തയ്യാറാക്കുക എളുപ്പമാകില്ലെന്നാണ് സൂചന.
ഉച്ചകോടിയുടെ സമാപനദിനമായ ഞായറാഴ്ച ഉച്ചയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് നീക്കം. എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധിയെ പ്രസ്താവനയിൽ എങ്ങനെ പരാമർശിക്കണമെന്നതിനെച്ചൊല്ലി അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായാണ് വിവരം.
11 അംഗരാജ്യങ്ങളുടെ ഷെർപ്പമാർ ദിവസങ്ങളായി സമവായത്തിനായി ചർച്ചകൾ തുടരുകയാണ്. ഇറാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പശ്ചിമേഷ്യൻ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകളാണുള്ളത്. ഇതാണ് ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുന്നത്.
2024ലാണ് യുഎഇയും ഇറാനും ബ്രിക്സ് കൂട്ടായ്മയിൽ അംഗങ്ങളായത്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷങ്ങൾക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. റഷ്യ, ബ്രസീൽ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഇതിനായി നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്.
എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ നിലപാടിലേക്ക് എത്തിച്ചേരാനാണ് ഇന്ത്യയുടെ ശ്രമമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ ബ്രിക്സ് ഷെർപ്പ സുധാകർ ദലേലയുടെ നേതൃത്വത്തിലാണ് സംയുക്ത പ്രസ്താവനയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
ഇതിന് മുമ്പ് മേയിൽ ഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. അംഗരാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാൻ കഴിയാതിരുന്നതിനാൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനും യോഗത്തിന് കഴിഞ്ഞിരുന്നില്ല.
യുഎഇ, ഇറാൻ വിദേശമന്ത്രിമാരുമായി നേരിട്ട് ചർച്ച നടത്തി അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന നിർദേശവും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ നയതന്ത്ര തലത്തിൽ പൂർണമായ ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇതോടെ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര ശേഷിക്കുള്ള നിർണായക പരീക്ഷണമായി മാറുകയാണ്.
അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ച നടത്തും. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായും മോദി കൂടിക്കാഴ്ച നടത്തും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള മോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച ശനിയാഴ്ച നടക്കും. പശ്ചിമേഷ്യൻ സംഘർഷം, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ പ്രധാന ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.











