04:30am 22 September 2026
NEWS
വാർധക്യത്തെ മറികടക്കാൻ 'സ്വയം ക്ലോൺ ചെയ്തെന്ന്' ബ്രയാൻ ജോൺസൺ
25/07/2026  09:57 AM IST
nila
 വാർധക്യത്തെ മറികടക്കാൻ സ്വയം ക്ലോൺ ചെയ്തെന്ന് ബ്രയാൻ ജോൺസൺ

വാർധക്യം ചെറുക്കാനുള്ള പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ ബയോഹാക്കറും ആന്റി-ഏജിങ് ഇൻഫ്‌ളുവൻസറുമായ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുന്ന വിധത്തിൽ സ്വന്തം കോശങ്ങളിൽ നിന്ന് 'ബേബി ബ്രയാൻ' എന്ന ക്ലോൺ സൃഷ്ടിച്ചതായി അദ്ദേഹം അവകാശപ്പെട്ടതാണ് പുതിയ വിവാദത്തിന് കാരണം. എന്നാൽ, ഈ അവകാശവാദം ശാസ്ത്രീയമായി തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 21-ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബ്രയാൻ തന്റെ പരീക്ഷണം വെളിപ്പെടുത്തിയത്. ഭാവിയിൽ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സാങ്കേതികവിദ്യയാണിതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. രക്തത്തിൽ നിന്ന് കോശങ്ങൾ വേർതിരിച്ച്, 'യമനക ഫാക്ടറുകൾ' ഉപയോഗിച്ച് അവയെ ഭ്രൂണസമാനമായ അവസ്ഥയിലേക്ക് മാറ്റിയെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ഈ കോശങ്ങൾ ഉപയോഗിച്ച് പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാനും, ട്രാൻസ്പ്ലാന്റേഷനായി അവയവങ്ങൾ വളർത്താനും, യുവകോശങ്ങൾ ശരീരത്തിലേക്ക് നൽകാനുമാകുമെന്ന് ബ്രയാൻ പറയുന്നു. വാർധക്യത്തെ മറികടക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കഴിഞ്ഞ മാസം ഓട്ടോ ഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് സ്ഥിരീകരിച്ചതായി ബ്രയാൻ വെളിപ്പെടുത്തിയിരുന്നു. ചികിത്സിച്ച് പൂർണമായി ഭേദമാക്കാനാകാത്ത ഈ രോഗത്തെ ജീവിതത്തിലെ തിരിച്ചടിയെന്നതിലുപരി പുതിയ സാധ്യതകളിലേക്കുള്ള അവസരമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാൽ, ബ്രയാന്റെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്വന്തം ആവശ്യങ്ങൾക്കായി ക്ലോൺ സൃഷ്ടിച്ച് അതിന്റെ അവയവങ്ങളോ രക്തമോ ഉപയോഗിക്കുമെന്ന ആശയം ധാർമികമായി അംഗീകരിക്കാനാകില്ലെന്നാണ് പലരുടെയും പ്രതികരണം. ഇത്തരമൊരു ജീവിക്ക് സമ്മതം നൽകാനുള്ള അവകാശം എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും വിമർശകർ ഉയർത്തുന്നു.

ഇതിനിടെ, ബ്രയാന്റെ വാദം ശാസ്ത്രജ്ഞരും തള്ളിക്കളഞ്ഞു. അദ്ദേഹം സൃഷ്ടിച്ചത് യഥാർഥ മനുഷ്യ ക്ലോണല്ലെന്നും, 'യമനക ഫാക്ടറുകൾ' ഉപയോഗിച്ച് നിർമ്മിച്ച ഇൻഡ്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകൾ മാത്രമാണെന്നും വിദഗ്ധർ വിശദീകരിക്കുന്നു. അതിനാൽ, 'സ്വയം ക്ലോൺ ചെയ്തു' എന്ന ബ്രയാന്റെ അവകാശവാദം ശാസ്ത്രീയമായി ശരിയല്ലെന്നാണ് അവരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img