
ദോഹ: ബാങ്കിംഗ് സൗകര്യ കരാർ ലംഘിച്ചതിനെ തുടർന്ന് പ്രാദേശിക ബാങ്കിന് 464.8 മില്യൺ ഖത്തർ റിയാൽ നൽകാൻ ക്ലയന്റിനോട് നിക്ഷേപ–വാണിജ്യ കോടതിയുടെ അപ്പീൽ ചാംബർ ഉത്തരവിട്ടു. കേസിന്റെ ചെലവുകളും പ്രതി വഹിക്കണമെന്നും കോടതി നിർദേശിച്ചു.
കരാർപ്രകാരം അനുവദിച്ച ബാങ്കിംഗ് സൗകര്യങ്ങളും തുടർന്ന് ചെയ്ത ഭേദഗതികളും, പിന്നീട് ലീസ്-ടു-ഓൺ (Lease to Own) കരാറായും തുടർന്ന് മുരബഹ കരാറുകളായും മാറ്റിയിട്ടും, ക്ലയന്റ് നിശ്ചിത സമയങ്ങളിൽ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബാങ്ക് നിയമനടപടിയിലേക്ക് നീങ്ങിയത്. സൗഹൃദപരമായ ഒത്തുതീർപ്പിന് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായും ബാങ്ക് കോടതിയെ അറിയിച്ചു.
ആദ്യഘട്ടത്തിൽ നിയമിച്ച അക്കൗണ്ടിംഗ് വിദഗ്ധന്റെ റിപ്പോർട്ട് പരിഗണിച്ച് 350 മില്യൺ റിയാൽ മാത്രം അടയ്ക്കണമെന്ന് പ്രഥമ കോടതി വിധിച്ചിരുന്നുവെങ്കിലും, ഇത് ബാങ്ക് അപ്പീൽ ചെയ്തു. ബാങ്കിന്റെ നിയമ പ്രതിനിധിയായ അഡ്വ. ഹമദ് നാസർ അൽ-അഹ്മദ് സമർപ്പിച്ച നിയമ മെമ്മോറാണ്ടത്തിൽ, വിദഗ്ധ റിപ്പോർട്ടിലെ മുഴുവൻ കണ്ടെത്തലുകളും ആദ്യ വിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
അപ്പീൽ കോടതി, അക്കൗണ്ടിംഗ് വിദഗ്ധന്റെ റിപ്പോർട്ട് സമഗ്രവും കൃത്യവുമാണെന്ന് കണ്ടെത്തി. കരാറുകളും അനുബന്ധ രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പരിശോധിച്ച ശേഷം, പ്രതിക്ക് 464,825,058 ഖത്തർ റിയാൽ കുടിശ്ശികയുണ്ടെന്ന് കോടതി സ്ഥിരീകരിച്ചു. അടവ് നടത്തിയതായി തെളിയിക്കുന്ന യാതൊരു നിയമ തെളിവും പ്രതി ഹാജരാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ, പ്രഥമ കോടതിയുടെ വിധി കുടിശ്ശിക തുക സംബന്ധിച്ച് ഭേദഗതി ചെയ്ത്, മുഴുവൻ തുകയും അടയ്ക്കാൻ പ്രതിയെ ബാധ്യസ്ഥനാക്കിക്കൊണ്ട് അപ്പീൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് കാര്യങ്ങളിൽ മുൻവിധി നിലനിര്‍ത്തിയതായും കോടതി വ്യക്തമാക്കി.











