05:15pm 25 June 2026
NEWS
സ്കോട്‌ലൻഡിന് മുന്നിൽ ബ്രസീലിന്റെ ശക്തിപ്രകടനം; വിനീഷ്യസിന്റെ ഇരട്ടപ്രഹരത്തിൽ തകർപ്പൻ ജയം
25/06/2026  06:00 AM IST
nila
സ്കോട്‌ലൻഡിന് മുന്നിൽ ബ്രസീലിന്റെ ശക്തിപ്രകടനം; വിനീഷ്യസിന്റെ ഇരട്ടപ്രഹരത്തിൽ തകർപ്പൻ ജയം

മയാമി: ലോകകപ്പ് വേദിയിൽ ബ്രസീൽ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ചു. സ്കോട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ മഞ്ഞപ്പട, ആധികാരിക വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകൾ നേടി തിളങ്ങിയപ്പോൾ, മത്തേയൂസ് കൂഞ്ഞയും സ്കോർഷീറ്റിൽ ഇടംപിടിച്ചു.

മത്സരം തുടങ്ങി ഏഴ് മിനിറ്റ് പിന്നിടുംമുമ്പ് തന്നെ ബ്രസീൽ മുന്നിലെത്തി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത വിനീഷ്യസ് ജൂനിയർ പന്ത് വലയിലെത്തിച്ചതോടെ സ്കോട്‌ലൻഡ് സമ്മർദത്തിലായി. തുടർന്ന് മികച്ച തിരിച്ചുവരവിനാണ് സ്കോട്‌ലൻഡ് ശ്രമിച്ചത്. പന്തടക്കത്തിലും നീക്കങ്ങളിലും അവർ ബ്രസീലിനോട് കിടപിടിച്ചെങ്കിലും ഗോൾമുഖത്ത് കാര്യമായ ഭീഷണി ഉയർത്താനായില്ല.

22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് അസാധുവായി. എതിരാളിയെ ഫൗൾ ചെയ്ത ശേഷമാണ് താരം മുന്നേറിയതെന്ന് കണ്ടെത്തിയതോടെയായിരുന്നു റഫറിയുടെ തീരുമാനം.

ആദ്യപകുതിയുടെ അധികസമയത്ത് ബ്രസീൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഗുയിമാറെസിന്റെ കൃത്യതയാർന്ന ക്രോസ് വിനീഷ്യസ് മനോഹര ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ 2-0ന്റെ മുൻതൂക്കത്തോടെ ബ്രസീൽ ഇടവേളയിലേക്ക് കടന്നു.

രണ്ടാം പകുതിയിൽ സ്കോട്‌ലൻഡ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം ഉറച്ചുനിന്നു. 60-ാം മിനിറ്റിൽ മത്തേയൂസ് കൂഞ്ഞ നേടിയ ഗോൾ മത്സരത്തിന്റെ വിധി കുറിച്ചു. ഗുയിമാറെസിന്റെ ബുദ്ധിപരമായ പാസിൽ നിന്ന് ലഭിച്ച അവസരം കൂഞ്ഞ അനായാസം വലയിലെത്തിക്കുകയായിരുന്നു.

അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്കോട്‌ലൻഡിന് ഗോൾ നേടാനായില്ല. മക്ടോമിനെയുടെ ഹെഡർ ഉൾപ്പെടെ ചില ശ്രമങ്ങൾ ബ്രസീൽ ഗോൾകീപ്പർ അലിസൺ മികച്ച സേവുകളിലൂടെ തടഞ്ഞു.

മത്സരത്തിന്റെ അവസാനഘട്ടത്തിൽ ആരാധകർ കാത്തിരുന്ന നിമിഷവും എത്തി. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നെയ്‌മാർ പകരക്കാരനായി കളത്തിലിറങ്ങി. ഈ ലോകകപ്പിൽ ബ്രസീൽ സൂപ്പർതാരത്തിന്റെ ആദ്യ സാന്നിധ്യമായിരുന്നു അത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img