09:10am 09 November 2026
NEWS
ബി.ആര്‍ അംബേദ്കര്‍ ജന്മദിനം :പ്രവാസി വെൽഫെയർ സാഹോദര്യ സദസ്സ് സംഘടിപ്പിച്ചു
17/04/2025  01:32 PM IST
nila
ബി.ആര്‍ അംബേദ്കര്‍ ജന്മദിനം :പ്രവാസി വെൽഫെയർ സാഹോദര്യ സദസ്സ്   സംഘടിപ്പിച്ചു

ദോഹ : വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസാചാരങ്ങളിൽ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമ്മിക്കപ്പെട്ടതിൻ്റെയും നിലനിൽക്കുന്നതിൻ്റെയും ആധാരശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കൾ  അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് 'ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക' എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയർ സംഘടിപ്പിച്ച 'സാഹോദര്യ സദസ്സിൽ' സംസാരിക്കുകയായിരുന്നു വിവിധ പ്രവാസി സംഘടന നേതാക്കൾ.

 വംശീയ ഫാഷിസത്തിൻ്റെ ഏകശിലാധിഷ്ടിതമായ പ്രത്യയശാസ്ത്രമല്ല ഇന്ത്യയെന്ന രാജ്യത്തെ നിർണ്ണയിക്കുന്നതും നിലനിർത്തുന്നതുമായ ഘടനാപരമായ അസ്തിത്വം. വൈവിധ്യങ്ങളെ മാനിക്കുന്ന നാനാത്വങ്ങളുടെ ഏകതയാണ് രാജ്യത്തേയും അതിൻ്റെ ദേശീയതയേയും ഉപദേശീയതകളേയും കോർത്ത് ചേർത്ത് ഒരു രാഷ്ട്ര വ്യവസ്ഥയായി നിലനിർത്തുന്നത്. അത് തകർക്കപ്പെട്ടാൽ  ശിഥിലമാവുക ഇന്ത്യയെന്ന രാഷ്ട്രം തന്നെയാണ്. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിലെ തത്വവും പ്രയോഗവുമാണ് ഈ വൈവിധ്യങ്ങളും അവക്കുള്ള ഭരണഘടനാ ദത്തമായ പരിരക്ഷകളും. അതിനെ ദുർബലപ്പെടുത്താനോ മറികടക്കാനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനയേയും അത് വഴി വ്യവസ്ഥയെ തന്നെയും തകര്‍ക്കലാണ്‌.
 വഖഫ് ഭേദഗതി നിയമം മൊത്തം വഖഫ് സ്വത്ത് വകകൾക്ക് മേൽ ഒരു വിഭാഗത്തിന്റെ അവകാശത്തെ ദുർബലപ്പെടുത്താനും അത് സർക്കാറിൻ്റെ സ്വത്തെന്ന വ്യാജം നിർമ്മിച്ച് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്.  വഖഫ് സ്വത്തിനെ വഖഫിൻ്റെ അധികാരാവകാശ പരിധികളിൽ നിന്ന് മാറ്റി ഭരിക്കുന്ന സർക്കാറിൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച്  ഉപയോഗപ്പെടുത്തുന്നത്  അവയുടെ മേലുള്ള സമ്പൂർണാധികാരം ക്രമേണെ സര്‍ക്കരിലേക്കെത്തുകയും  മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുകയും ചെയ്യുക എന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ അംബേദ്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്  ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സാഹോദര്യ സദ്ദസ് അഭിപ്രായപ്പെട്ടു. 
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻകാസ് വൈസ് പ്രസിഡണ്ട് താജുദ്ദീന്‍, കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട്, വണ്‍ ഇന്ത്യ പ്രസിഡണ്ട് ഷാജി ഫ്രാന്‍സിസ്, അയ്യൂബ് ഖാന്‍ പൂന്തുറ, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതവും സെക്രട്ടറി റബീഅ്‌ സമാന്‍ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img