03:29am 02 September 2026
NEWS
ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ പ്രതിഭ പദ്ധതി ആർ.എസ്.സിക്ക് 98.96 ലക്ഷം രൂപയുടെ സി.എസ്.ആർ ധനസഹായവുമായി ബി.പി.സി.എൽ


01/09/2026  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ പ്രതിഭ പദ്ധതി ആർ.എസ്.സിക്ക് 98.96 ലക്ഷം രൂപയുടെ സി.എസ്.ആർ ധനസഹായവുമായി ബി.പി.സി.എൽ
HIGHLIGHTS

പ്രതിഭ പദ്ധതി – ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ” പദ്ധതിയിലേക്ക്  റീജിയണൽ സ്പോർട്സ് സെന്ററിന് 98.96 ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന കരാർ ജില്ലാ കളക്ടറും ആർ എസ് സി ചെയർപേഴ്സണുമായ ജി പ്രിയങ്കയുടെ സാനിധ്യത്തിൽ ബി പി സി എൽ കൊച്ചി റിഫൈനറിയിലെ ജനറൽ മാനേജർ (എച്ച് ആർ) എൻ. മേഗനാഥനും, ആർ എസ് സി സെക്രട്ടറി അഡ്വ. എസ്. എ. എസ്. നവാസും കൈമാറുന്നു

റീജിയണൽ സ്പോർട്സ് സെന്ററിന്റെ (ആർ.എസ്.സി) “പ്രതിഭ പദ്ധതി – ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ” എന്ന മുൻനിര കായിക പദ്ധതിക്കായി ബി.പി.സി.എൽ കൊച്ചി റിഫൈനറി 98.96 ലക്ഷം രൂപയുടെ സി.എസ്.ആർ ധനസഹായം അനുവദിച്ചു. ഇതുസംബന്ധിച്ച കരാറിൽ ജില്ലാ കളക്ടറും ആർ.എസ്.സി ചെയർപേഴ്സണുമായ ജി. പ്രിയങ്കയുടെ സാന്നിധ്യത്തിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി ജനറൽ മാനേജർ (എച്ച്.ആർ) എൻ. മേഘനാഥനും ആർ.എസ്.സി സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസും ഒപ്പുവെച്ചു.

ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ടെന്നീസ്, നീന്തൽ എന്നീ നാല് കായിക ഇനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ മികച്ച യുവ കായിക പ്രതിഭകളെ കണ്ടെത്തി, ശാസ്ത്രീയവും തീവ്രവുമായ പരിശീലനത്തിലൂടെ രണ്ടു വർഷത്തിനുള്ളിൽ ദേശീയ മെഡൽ ജേതാക്കളെയും മൂന്നു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര മെഡൽ ജേതാക്കളെയും വാർത്തെടുക്കുകയാണ് ലക്ഷ്യം. പ്രമുഖ പരിശീലകരുടെയും ഹൈ പെർഫോമൻസ് ഡയറക്ടറുടെയും പ്രത്യേക മേൽനോട്ടത്തിലായിരിക്കും പരിശീലനം നൽകുന്നത്.

ആദ്യഘട്ടത്തിൽ നാല് കായിക ഇനങ്ങളിലായി 8 മുതൽ 15 വയസ്സ് വരെയുള്ള 24 കുട്ടികളെയാണ് (12 ആൺകുട്ടികളും 12 പെൺകുട്ടികളും - ഓരോ ഇനത്തിലും 3 പെൺകുട്ടികളും 3 ആൺകുട്ടികളും വീതം) തിരഞ്ഞെടുക്കുന്നത്. അസാധാരണ കായിക മികവു പുലർത്തുന്ന കുട്ടികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. സുതാര്യമായ പരീക്ഷകളിലൂടെയും ട്രയൽസിലൂടെയുമാണ് സംസ്ഥാനത്താകമാനമുള്ള അപേക്ഷകരിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

 യോഗ്യരായ കായികതാരങ്ങൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് പദ്ധതി പൂർണ്ണമായും സൗജന്യമായിരിക്കും. പ്രമുഖ പരിശീലകരുടെ നേതൃത്വത്തിലുള്ള തീവ്ര പരിശീലനം, ശാസ്ത്രീയമായ ഫിറ്റ്നസ്, സ്ട്രെങ്ത്, വെൽനെസ് ട്രെയിനിംഗ്, റാക്കറ്റുകളും വസ്ത്രങ്ങളും അടങ്ങുന്ന സൗജന്യ സ്പോർട്സ്ക്കിറ്റ്, പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണം, ആർ.എസ്.സി സമുച്ചയത്തിൽ തന്നെയുള്ള എയർ കണ്ടീഷൻ ചെയ്ത ഫോർ-സ്റ്റാർ താമസസൗകര്യം എന്നിവ കുട്ടികൾക്കായി ഒരുക്കും. ഇതിനുപുറമെ, സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പൂർണ്ണ ചെലവുകളും പദ്ധതിയിലൂടെ  ലഭ്യമാക്കും.

കുട്ടികൾക്ക് കായിക വളർച്ചയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്ന തരത്തിൽ സമഗ്രമായ ഹൈ-പെർഫോമൻസ് അന്തരീക്ഷമാണ് ഇവിടെ ഒരുക്കുന്നത്. പഠനം മുടങ്ങാതിരിക്കാൻ ഇവർക്കായി ഡിസ്റ്റൻസ് എജ്യുക്കേഷൻ സൗകര്യവും ഏർപ്പെടുത്തും. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പദ്ധതിയിൽ തുടരുമെന്ന് ഉറപ്പുനൽകേണ്ടതുണ്ട്. നിശ്ചിത കാലയളവ് പൂർത്തിയാക്കാതെ പദ്ധതി ഉപേക്ഷിക്കുന്നവർ, അവരിലേക്ക് ഇതുവരെ ചെലവഴിച്ച മുഴുവൻ തുകയും തിരിച്ചടയ്ക്കേണ്ടി വരും.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.ഡി.എം കെ. മനോജ്, കൊച്ചി ആർ.എസ്.സി സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ്, ബി.പി.സി.എൽ, ആർ.എസ്.സി എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img