10:56am 21 July 2024
NEWS
'പ്രശസ്തിയുടെ പിറകെ ഞാൻ പോയിട്ടില്ല; സീരിയലുകളിൽ അഭിനയിക്കാൻ പോവുമ്പോൾ ചില പ്രയാസങ്ങളുണ്ട്' സീമ ജി. നായർ
30/05/2024  07:24 AM IST
എം.എസ്. ദാസ് മാട്ടുമന്ത
'പ്രശസ്തിയുടെ പിറകെ ഞാൻ പോയിട്ടില്ല; സീരിയലുകളിൽ അഭിനയിക്കാൻ പോവുമ്പോൾ ചില പ്രയാസങ്ങളുണ്ട്' സീമ ജി. നായർ

കൂടെയുള്ളവരുടെ സങ്കടം കണ്ടാൽ സീമ ജി നായരുടെ കണ്ണുകൾ നിറയും. വിവിധ രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന സഹജീവികളായ കലാകാരന്മാരെ സഹായിക്കുമ്പോഴുണ്ടാവുന്ന ആത്മസംതൃപ്തി അനുഭവിച്ചറിയുകയാണ് സീമ ജി. നായർ.

നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയും ജനമനസ്സുകളിൽ ഇടംപിടിച്ച സീമ ജി. നായർ സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നൂറ്റി അമ്പതോളം സിനിമകളിൽ അഭിനയിച്ചു. പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് വളരെ വലിയൊരു വേഷമാണ് ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ അഭിനയിക്കാൻ സീമയ്ക്ക് അവസരം ലഭിച്ചത്. ഈ ചിത്രത്തിലെ കുഞ്ഞുലക്ഷ്മിയെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കുഞ്ഞിരാമായണമെന്ന ചിത്രത്തിൽ വിനീതിന്റെ അമ്മയായും, 1983 ൽ നിവിൻപോളിയുടെ അമ്മയായും അഭിനയിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ അമ്മവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമാതാരത്തേക്കാളുപരി സാമൂഹ്യജീവിയെന്ന നിലയിൽ വിഷമമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്സാണ് സീമ ജി. നായരെ വേറിട്ട് നിർത്തുന്നത്.

സീമ ജീ. നായർ സിനിമയിലെത്തിയിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു.. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നു...?
അഭിനേത്രിയെന്ന നിലയിൽ നിറഞ്ഞ സംതൃപ്തിയാണുള്ളത്. നാടകങ്ങളിലൂടെയാണ് ഞാൻ കലാരംഗത്തേയ്ക്ക് കടന്നുവന്നത്. ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലത്ത് ഒട്ടേറെ സീരിയലുകളൽ അഭിനയിച്ചിരുന്നു. 1987 ൽ പത്മരാജൻ സാറിന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. പിന്നീട് ഞാൻ സീരിയലുകളിൽ തന്നെ നിലയുറപ്പിച്ചു. ഒരു കാലത്തും സിനിമയുടെ മാസ്മരികതയും വെളിച്ചവും എന്നെ മോഹിച്ചിട്ടില്ല. അവസരങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടുമില്ല.

പ്രശസ്തിയിലേക്ക് ഉയരാൻ കഴിയുന്ന തരത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലേ...?
ജനിച്ചത് മുതൽ ഇടത്തരം ഫാമിലി ലൈഫാണ്. പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്ന് മുകളിൽ നിന്ന് ചുവട്ടിലേക്ക് ഇറങ്ങി വരാനാവാതെ വെള്ളത്തിൽ വീണ ചേമ്പില പോലെ മുങ്ങാനും, പൊങ്ങാനും പറ്റാത്തതരത്തിൽ മുന്നോട്ടുപോവാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അസുഖം വന്നാൽ വൻകിട ആശുപത്രിയിൽ പോവാതെ സർക്കാർ ആശുപത്രിയിൽ പോവാനും എനിക്ക് പറ്റും. ആളുകളുടെയിടയിൽ അവരിലൊരാളായി നിൽക്കാനാണ് എനിക്കിഷ്ടം. ചമ്പക്കര മാർക്കറ്റിൽ ഞാൻ തന്നെയാണ് മീൻ വാങ്ങാൻ പോവുന്നത്. അതുകൊണ്ടുതന്നെ പ്രശസ്തിയുടെ പിറകെ ഞാൻ പോയിട്ടില്ല.

സീരിയലുകളിൽ പഴയമുഖങ്ങളെ മാറ്റി പുതിയ മുഖങ്ങളെ കൊണ്ടുവരാൻ ചാനലുകൾ മത്സരിക്കുകയാണെന്ന് ആരോപണമുണ്ടല്ലോ...?
ശരിയാണ്. സീരിയലുകളിൽ വിവിധ കഥാപാത്രങ്ങളായി അഭിനയിക്കുന്നവരെ കുടുംബപ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിലും ചാനലുകാർക്ക് ഇഷ്ടമല്ല. ചാനലുകാർ പുതിയ മുഖങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലുകളിൽ അഭിനയിക്കാൻ പോവുമ്പോൾ ചില പ്രയാസങ്ങളുണ്ട്. നമ്മൾ ചോദിക്കുന്ന ശമ്പളം തരാൻ പലർക്കും മടിയാണ്. പ്രൊഡ്യൂസർക്ക് ബാധ്യതയെന്ന് പറഞ്ഞ് ശമ്പളത്തിന്റെ പകുതിയാണ് പലരും തരാറുള്ളത്. പ്രൊഡ്യൂസർക്ക് ബഡ്ജറ്റ് ഇല്ലെന്ന ന്യായീകരണമാണ് മിക്കപ്പോഴും പറയാറുള്ളത്. അഥവാ ശമ്പളം കൃത്യമായി ചോദിച്ചാൽ അടുത്ത വർക്കിന് പോവുമ്പോൾ മാനസികമായി വിഷമിപ്പിക്കുകയും ചെയ്യും. പുതുതായി വരുന്നവർക്കാവട്ടെ ശമ്പളം കൂട്ടി നൽകുകയും ചെയ്യുന്നു. പകുതി വേതനത്തിന് അഭിനയിക്കേണ്ട വിഷമകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

കൂടെയുള്ള കലാകാരന്മാർക്ക് അസുഖം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഉണ്ടാവുമ്പോൾ സഹായിക്കാൻ മുന്നിൽ നിൽക്കാറുള്ള സീമ നടത്തുന്ന ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് സൂചിപ്പിക്കാമോ...?
കൂടെയുള്ള ഒരുപാട്  പേരെ കരുണയുള്ള മനസ്സുള്ളവരുടെ പിന്തുണയോടെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. എത്ര ഉയരത്തിലാണെങ്കിലും നല്ലൊരു അസുഖം വന്നാൽ എല്ലാം തീർന്നില്ലെ. മറ്റുള്ളവർക്ക് നന്മകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പരമാവധി ആളുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്‌നേഹസീമ ഫൗണ്ടേഷന് പിറവി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇതിന്റെ പ്രാരംഭ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു.

സിനിമയിൽ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട സീമയുടെ സ്വപ്നം...?
എന്റെ തൊഴിൽ അഭിനയമാണ്. അഭിനയമല്ലാതെ മറ്റൊരു ജോലിയും എനിക്കറിയില്ല. മരണം വരെ അഭിനയിക്കണമെന്ന് തന്നെയാണ് എന്റെ സ്വപ്നം.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM