
ദോഹ: പ്രമുഖ വികസിത രാജ്യങ്ങളിലെ പരമാധികാര ബോണ്ട് ആദായ നിരക്കുകളിൽ (Sovereign Bond Yields) പ്രകടമാകുന്ന വർദ്ധനവ് ആഗോള സാമ്പത്തിക മേഖല നേരിടുന്ന കർശനമായ നിയന്ത്രണങ്ങളുടെ പ്രതിഫലനമാണെന്ന് ഖത്തർ നാഷണൽ ബാങ്ക് (QNB). വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പലിശനിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരുമെന്ന സൂചനകൾ രാജ്യങ്ങളുടെ കടമെടുപ്പ് ആവശ്യങ്ങൾ എന്നിവയാണ് ബോണ്ട് നിരക്കുകൾ ഉയരാൻ കാരണമായി ബാങ്ക് തങ്ങളുടെ പ്രതിവാര റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം ഘടകങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക സുസ്ഥിരതയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മഹാമാരിക്ക് ശേഷം പലിശനിരക്കുകൾ കുറയുമെന്ന മുൻ കണക്കുകൂട്ടലുകളെ അസ്ഥിരപ്പെടുത്തുന്നതാണ് നിലവിലെ സാമ്പത്തിക അന്തരീക്ഷം.
അമേരിക്ക, യൂറോസോൺ, ജപ്പാൻ എന്നീ പ്രമുഖ വിപണികളിലെ നിലവിലെ സാഹചര്യം റിപ്പോർട്ട് വിശദമായി വിശകലനം ചെയ്യുന്നു.വർദ്ധിച്ചുവരുന്ന വിതരണവും കേന്ദ്ര ബാങ്കുകളുടെ പലിശവർദ്ധനവും ദീർഘകാല ബോണ്ടുകളുടെ പലിശ പ്രീമിയം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് ക്യു.എൻ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.










