04:06pm 11 November 2026
NEWS
ബൊമ്മസാന്ദ്ര- ഹൊസൂർ മെട്രോലൈൻ വരാനിടയില്ല; വികസന വിപ്ലവം കർണാടകത്തിന്റെ പരിധിയിൽ മാത്രം
21/10/2025  11:01 AM IST
വിഷ്ണുമംഗലം കുമാർ
ബൊമ്മസാന്ദ്ര- ഹൊസൂർ മെട്രോലൈൻ വരാനിടയില്ല; വികസന വിപ്ലവം കർണാടകത്തിന്റെ പരിധിയിൽ മാത്രം

മെട്രോ റെയിൽ സർവീസ് ബംഗളുരു നഗരത്തെ അവിശ്വസനീയമാം വിധം മാറ്റിമറിക്കുകയാണ്. മെട്രോ ചെന്നെത്തുന്ന നഗരപ്രാന്തങ്ങളും ഗ്രാമപ്രദേശങ്ങളും നൊടിയിടകൊണ്ട് വ്യവസായ സങ്കേതങ്ങളും ജനവാസകേന്ദ്രങ്ങളുമായി പരിണമിക്കുന്നു. ജനവാസകേന്ദ്രങ്ങളെന്നാൽ അംബരചുംബികളായ പാർപ്പിട സമുച്ചയങ്ങളാണ്. കൃഷിക്കാരായ ഗ്രാമീണർ കൃഷി ചെയ്തും ആടുമാടുകളെ വളർത്തിയും ജീവിതവൃത്തി കഴിച്ചിരുന്ന ഗ്രാമീണ ഭൂപ്രദേശങ്ങളാണ് ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള സിറ്റികളായി രൂപാന്തരപ്പെടുന്നത്. നഗരവാസികൾ പോലും ഇതുവരെ കേട്ടിട്ടില്ലാത്ത ചില ഗ്രാമങ്ങൾ പ്രശസ്തി നേടുന്നതും ചർച്ചയാവുന്നതും അവ മെട്രോ സ്റ്റേഷൻ പേരുകളായി സ്ഥാനം പിടിക്കുമ്പോഴാണ്. ചല്ലഘട്ടയും നാഗവാരയും കലേന അഗ്രഹാരയും മാധവാരയുമൊക്കെ മെട്രോ സ്റ്റേഷൻ പേരുകളിലൂടെ ശ്രദ്ധ നേടിയ പ്രാന്തപ്രദേശങ്ങളാണ്. അവയൊക്കെയും ആധുനിക നഗരഭാഗങ്ങളായി പരിണമിച്ചുകഴിഞ്ഞു. പതിനാല് വർഷം മുമ്പ് എം ജി റോഡിൽ നിന്നും ബൈയപ്പനഹള്ളിയിലേക്ക്( 6.7 കി മി) സർവ്വീസ് നടത്തിക്കൊണ്ടാണ് നമ്മ മെട്രോ ആരംഭിച്ചത്. നിലവിൽ പർപ്പിൾ, ഗ്രീൻ, യെലോ എന്നീ മൂന്ന് ലൈനുകളിലായി 96 കി മി ദൂരം സർവ്വീസുണ്ട്. പിങ്ക്, ബ്ലു, റെഡ്, ഓറഞ്ച് ലൈനുകൾ വരാനിരിക്കുന്നു. നാലാം ഘട്ടത്തിൽ നാല് എക്സ്റ്റൻഷനുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഗ്രീൻ ലൈനിന്റെ മാധവാരയിൽ നിന്ന്  തുമകുറുവിലേക്കുള്ള 59.6 കി മി എക്സ്ടെൻഷനാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തുമകുറു ജില്ലയെ ബംഗളുരുമായി ബന്ധിപ്പിക്കുന്ന എക്സ്റ്റൻഷനാണിത്. അടുത്ത ഏതാനും വർഷത്തിനുള്ളിൽ മെട്രോ സർവ്വീസ് 96 ൽ നിന്നും 470 കി മിയായി വർധിപ്പിക്കാനുള്ള പദ്ധതികളാണ് ബിഎംആർസിഎൽ ആവിഷ്കരിച്ചിട്ടുള്ളത്. എക്സ്റ്റൻഷനുകളിൽ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു തെക്കൻ ബംഗളുരുവിലെ വ്യവസായകേന്ദ്രമായ ബൊമ്മസാന്ദ്രയെ തമിഴ് നാട്ടിലെ പ്രമുഖ വ്യവസായനഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്ന 23 കി മി ലൈൻ. രാജ്യത്തെ മെട്രോയുടെ ചരിത്രത്തിൽ ആദ്യത്തെ അന്തർസംസ്ഥാന ലൈനാകുമായിരുന്ന ഈ പദ്ധതിയുടെ പ്രപ്പോസൽ ചെന്നൈ മെട്രോ കോർപറേഷനാണ് സമർപ്പിച്ചത്. എന്നാൽ ഈ ലൈൻ പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് വിശദമായ പഠനത്തിന് ശേഷം ബി എം ആർ സി എൽ എത്തിച്ചേർന്നിട്ടുള്ളത്. സംസ്ഥാന ഗവണ്മെന്റുകൾ തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതും വ്യവസായരംഗത്തെ  അനാരോഗ്യ മത്സരവും ഈ പ്രപ്പോസൽ തള്ളപ്പെടാനുള്ള കാരണമാണ്. ഏതായാലും ബംഗളുരുവിനെ ധൃതഗതിയിൽ മാറ്റിമറിക്കുന്ന വികസനമുദ്രയായി നമ്മ മെട്രോ അടയാള പ്പെടുത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img