ബലൂചിസ്ഥാനിൽ വൻ സ്ഫോടനം

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ സ്ഫോടനം. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു എന്നും നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു എന്നുമാണ് റിപ്പോർട്ട്. ചാവേർ ആക്രമണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഷഹവാനി സ്റ്റേഡിയത്തിലെ പാർക്കിംഗിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. സ്‌ഫോടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിഎൻപി സ്ഥാപക നേതാവ് അത്താവുള്ള മെങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചതെന്നും റാലി ആരംഭിച്ച് തൊട്ടുപിന്നാലെ ആക്രമണമുണ്ടായെന്നും ബിഎൻപി നേതാവ് സാജിദ് തരീൻ പറഞ്ഞു.
ആക്രമണം ഉണ്ടായ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പാകിസ്താൻ- ഇറാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാനിലും ഖൈബർ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേരും ഖൈബറിലെ സ്‌ഫോടനത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.











