പുരുഷന്മാർക്കെതിരെ കള്ളക്കേസുകൾ നൽകി പണം തട്ടുന്ന യുവതിയുടെ ജാമ്യാപേക്ഷ തള്ളി. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ലതാബായി ജാദവ് എന്ന യുവതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജീവനാംശം ആവശ്യപ്പെട്ട് പുരുഷന്മാർക്കെതിരെ കേസ് കൊടുക്കുകയും പിന്നീട് കോടതിക്ക് പുറത്തുവച്ച് പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കുകയും ചെയ്യുന്നതാണ് ലതാബായി ജാദവിന്റെ രീതി.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ സിലോഡ് സിറ്റി പോലീസ് സ്റ്റേഷനിലാണ് പ്രതി ലതാബായി ജാദവിനും അവരുടെ രണ്ട് അഭിഭാഷകർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിചാരണ വൈകുന്നതിൻ്റെ പേരിൽ ജാദവ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു, ഇത് നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.
യുവതി തനിക്കെതിരെ ചുമത്തിയ 25,000 രൂപ ജീവനാംശം ആവശ്യപ്പെട്ടുള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് വെളിച്ചത്തായത്. പരാതിക്കാരിയായ യുവതിയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും തൻ്റെ സ്വന്തം അന്വേഷണത്തിൽ ജാദവ് അവളുടെ രണ്ട് അഭിഭാഷകരും വ്യാജ പേരുകൾ ഉപയോഗിച്ച് സമാനമായ മൂന്ന് കേസുകൾ കൂടി ഫയൽ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാൾ അവകാശപ്പെട്ടു. ഇതിൽ രണ്ടെണ്ണത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടായെന്നും തുടർന്ന് നടപടികൾ പിൻവലിച്ചെന്നും ഇയാൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.