
പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ തീർത്ത് ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്നു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാനും ശക്തമായി തന്നെയാണ് തിരിച്ചടിക്കുന്നത്.
ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ വീണ്ടും മിസൈലാക്രമണം നടത്തി. വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ആകെ മരണം 13 ആയി.
ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാവുകയാണ്.
ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാൻറെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്. അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിൻറെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.











