
ബിജെപി ഓഫിസിനുവേണ്ടി കെട്ടിടം വാടകയ്ക്കു നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. കണ്ണൂർ പെരളശ്ശേരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപം ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിനു മുൻവശത്തെ റോഡിന്റെ കൈവരിയിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. കൈവരിക്കു കേടുപാട് സംഭവിച്ചു.
ബുധനാഴ്ച ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണു വീടിനു നേരെ ബോംബേറ് ഉണ്ടായത്. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡന്റ് വിപിൻ ഐവർകുളം, രമേശൻ പൂവത്തുംതറ, എ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി. ചക്കരക്കൽ എസ്എച്ച്ഒ എം.പി.ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.










