
മുംബൈ: വിപണിയിൽ നിന്ന് പണം നൽകി വാങ്ങുന്ന പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. പുതുതായി വാങ്ങിയ പ്രോട്ടീൻ പൗഡർ പാക്കറ്റിൽ ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി ബിപാഷ ബസു രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നടി ആശങ്ക അറിയിച്ചത്.
പുതിയതായി തുറന്ന പ്രോട്ടീൻ പൗഡർ പാക്കറ്റിനുള്ളിൽ ‘വളരെ ചെറിയ പുഴുക്കൾ’ ഉണ്ടായിരുന്നുവെന്നാണ് ബിപാഷയുടെ ആരോപണം. ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രോട്ടീൻ പൗഡർ കലർത്തിയ പാനീയം നിറച്ച ഗ്ലാസും കൈയിൽ കണ്ടെത്തിയ ചെറിയ പ്രാണിയെയും നടി കാണിക്കുന്നുണ്ട്.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ തുക്കാരാം മുണ്ഡെയെയും ബിപാഷ നേരിട്ട് ടാഗ് ചെയ്തു. ഉപഭോക്താക്കൾ വാങ്ങുന്ന ഉൽപന്നങ്ങളിൽ കേടായതോ മായം കലർന്നതോ ആയ വസ്തുക്കൾ ലഭിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നാണ് നടിയുടെ ആവശ്യം.
ഭക്ഷ്യസുരക്ഷാ വിഷയങ്ങളിൽ കർശന നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് തുക്കാരാം മുണ്ഡെ. മഹാരാഷ്ട്രയിൽ ഭക്ഷ്യ-മരുന്ന് സുരക്ഷാ പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയതിലൂടെ അദ്ദേഹം ജനശ്രദ്ധ നേടിയിട്ടുണ്ട്.
മുണ്ഡെയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖരും നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. നടി പ്രീതി സിന്റ ‘ടീം തുക്കാരാം മുണ്ഡെ’ എന്നെഴുതിയ ടീ-ഷർട്ട് ധരിച്ച ചിത്രം പങ്കുവച്ചിരുന്നു. എഴുത്തുകാരിയും മുൻ നടിയുമായ ട്വിങ്കിൾ ഖന്നയും മുണ്ഡെയുടെ ഭക്ഷ്യസുരക്ഷാ പരിശോധനാ സംഘത്തെക്കുറിച്ച് നർമ്മരൂപത്തിലുള്ള പോസ്റ്റുമായി രംഗത്തെത്തി.
ഒരു ഉദ്യോഗസ്ഥൻ തന്റെ ചുമതലയും ഉത്തരവാദിത്തവും സത്യസന്ധമായി നിർവഹിക്കുന്നത് പോലും അത്ഭുതകരമായി തോന്നുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നടൻ മനോജ് ബാജ്പേയിയും പ്രതികരിച്ചു.
അതേസമയം, ബിപാഷ ബസുവിന്റെ പരാതിയിൽ ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അധികൃതരുടെ തുടർനടപടികൾ എന്തായിരിക്കുമെന്നതിലാണ് ഇപ്പോൾ ശ്രദ്ധ.











