
5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നുമാണ് റിപ്പോർട്ട്. അമേരിക്കയിലെ ഡാലസ് വിമാനത്താവളത്തിലാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തത്. ജൂലൈ 25ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡാലസ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോൾ ഇടത് എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ അടിയന്തര ലാൻഡിങ് നടത്തിയാൽ അപകട സാധ്യതയുള്ളതിനാൽ രണ്ടര മണിക്കൂറോളം പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് ലാൻഡ് ചെയ്തത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിങിന്റെ ഡ്രീംലൈനർ വിമാനമായിരുന്നു.











