02:02pm 31 January 2026
NEWS
​ബോഡി ഷെയ്മിംഗ് തമാശയല്ല, കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം; നിയമം കർശനമാക്കി കേരളം
31/01/2026  06:52 AM IST
സുരേഷ് വണ്ടന്നൂർ
​ബോഡി ഷെയ്മിംഗ് തമാശയല്ല, കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം; നിയമം കർശനമാക്കി കേരളം

തിരുവനന്തപുരം:​വ്യക്തികളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്ന 'ബോഡി ഷെയ്മിംഗ്' കേവലം തമാശയല്ലെന്നും അത് ഗുരുതരമായ മാനസിക പീഡനമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിൽ ശക്തമാകുന്നു. ശരീരഭാരം, നിറം, ഉയരം എന്നിവയുടെ പേരിൽ നടത്തുന്ന ഇത്തരം ആക്ഷേപങ്ങൾ വ്യക്തികളിൽ കടുത്ത വിഷാദത്തിനും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമാകുന്ന പശ്ചാത്തലത്തിൽ, ഇതിനെതിരെ നിയമപരമായ നീക്കങ്ങളും ശക്തമായിട്ടുണ്ട്. ഇന്ത്യയിൽ ബോഡി ഷെയ്മിംഗിനായി പ്രത്യേക നിയമം നിലവിലില്ലെങ്കിലും, വിവിധ വകുപ്പുകൾ പ്രകാരം ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കി ശിക്ഷിക്കാം.

​ഒരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ശാരീരിക പരിഹാസങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം (നിലവിൽ ഭാരതീയ ന്യായ സംഹിത) അനുസരിച്ച് മാനനഷ്ടമായി കണക്കാക്കാവുന്നതാണ്. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളെ അധിക്ഷേപിക്കുന്നവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുക്കാം. സൈബർ ഇടങ്ങളിൽ കമന്റുകളായോ ട്രോളുകളായോ പരിഹസിക്കുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കർശന നടപടിയുണ്ടാകും. വിവാഹബന്ധങ്ങളിൽ പങ്കാളികളോ ബന്ധുക്കളോ ശരീരത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിട്ടുണ്ട്.

​വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം പ്രവണതകളെ നേരിടാൻ കേരളം വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. 2025-ലെ കേരള റാാഗിംഗ് നിരോധന ഭേദഗതി ബില്ലിലൂടെ ബോഡി ഷെയ്മിംഗിനെ റാാഗിംഗിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ശാരീരിക പരിഹാസങ്ങൾ മുളയിലേ നുള്ളാൻ കാലിഫോർണിയൻ മാതൃകയിലുള്ള ബോധവൽക്കരണ പദ്ധതികൾ നമ്മുടെ പാഠ്യപദ്ധതിയിലും ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കേവലം ഉപദേശങ്ങൾക്കപ്പുറം, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഈ വൈകാരിക അതിക്രമത്തിന് അറുതി വരുത്തഞാൻ കഴിയൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img