06:37pm 30 May 2026
NEWS
പതിനാറുകാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പൊലീസിനെ അറിയിക്കാതെ മൃതദേഹം കൊണ്ടുപോകാൻ ശ്രമം
30/05/2026  07:19 AM IST
nila
പതിനാറുകാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പൊലീസിനെ അറിയിക്കാതെ മൃതദേഹം കൊണ്ടുപോകാൻ ശ്രമം

ലക്നൗ: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശ്രീജൻ വിഹാർ കോളനിയിലെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ അറിയിക്കാതെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ഹരിദ്വാറിലേക്ക് കൊണ്ടുപോകാൻ കുടുംബം ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ഇടപെടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

തന്റെ ഡ്രൈവറുടെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരാൾ ഗോമതി നഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മരണം സ്ഥിരീകരിച്ചു. വൈകിട്ട് ഏഴരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ മൃതദേഹം താഴെയിറക്കി കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചതായും ഹോസ്റ്റലുടമ പൊലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. മുറിയിൽ നിന്ന് “ഞാൻ അവസാനിപ്പിക്കുന്നു” എന്ന സന്ദേശം എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് ആത്മഹത്യാക്കുറിപ്പാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഹോസ്റ്റൽ ഉടമയെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെയും മൊഴി രേഖപ്പെടുത്തും. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img