
കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചേക്കും.ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ബോബിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. എന്നാൽ, ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.











